ചരിത്രനേട്ടത്തിനരികില്‍ കോഹ്‌ലി; ആദ്യ ഇന്ത്യന്‍ താരമാകാന്‍ വേണ്ടത് ഇത്ര മാത്രം...
Cricket
ചരിത്രനേട്ടത്തിനരികില്‍ കോഹ്‌ലി; ആദ്യ ഇന്ത്യന്‍ താരമാകാന്‍ വേണ്ടത് ഇത്ര മാത്രം...
ഫസീഹ പി.സി.
Wednesday, 13th May 2026, 4:11 pm

ടി – 20 ക്രിക്കറ്റില്‍ പുതിയ നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങി സൂപ്പര്‍ താരം വിരാട് കോഹ്‌ലി. കുട്ടി ക്രിക്കറ്റില്‍ 14000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനാണ് താരത്തിന് അവസരമുള്ളത്. ഇതിനായി ആര്‍.സി.ബി മുന്‍ ക്യാപ്റ്റന് വേണ്ടത് 78 റണ്‍സാണ്.

ഇന്ന് ഐ.പി.എല്ലില്‍ വിരാട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കളത്തിലിറങ്ങുന്നുണ്ട്. ന്യൂ റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.

വിരാട് കോഹ്‌ലി. Photo: iplt20.com

ഈ മത്സരത്തില്‍ വിരാടിന് 78 റണ്‍സ് നേടാനായാല്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും തന്റെ പേരിനൊപ്പം ചാര്‍ത്താം. നിലവില്‍ ടി – 20യില്‍ വിരാട്
13922 റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്.

406 ഇന്നിങ്സുകളില്‍ കളിച്ചാണ് കോഹ്‌ലി ഇത്രയും റണ്‍സ് നേടിയത്. ഇന്ത്യ, ഇന്ത്യന്‍സ്, ദല്‍ഹി, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് കുട്ടി ക്രിക്കറ്റില്‍ താരം കളിച്ചിട്ടുള്ളത്.

വിരാട് കോഹ്‌ലി.

ടി – 20യിലെ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനൊപ്പം ലോകത്തിലെ ആറാമത്തെ താരമെന്ന നേട്ടവും വിരാടിന് സ്വന്തമാക്കാന്‍ സാധിക്കും. ക്രിസ് ഗെയ്ല്‍, കിറോണ്‍ പൊള്ളാര്‍ഡ്, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്ലര്‍ എന്നിവരാണ് ഇതുവരെ ഈ നേട്ടം കൈവരിച്ചവര്‍.

അതേസമയം, ഈ സീസണില്‍ കോഹ്‌ലി മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് മുന്നോട്ട് പോകുന്നത്. 11 ഇന്നിങ്സുകളില്‍ കളിച്ച താരം ഇതുവരെ ഈ സീസണില്‍ 379 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളും അടിച്ചെടുത്തു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സ്വന്തമാക്കിയ 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 47.38 ശരാശരിയും 164.06 സ്‌ട്രൈക്ക് റേറ്റും താരത്തിന് ഈ സീസണിലുണ്ട്.

Content Highlight: Virat Kohli needs 78 runs to complete 14000 T20 runs and first Indian to reach this milestone

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി