ഗോളടിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ മറികടക്കാൻ മറ്റാരുമില്ല: വിനീഷ്യസ് ജൂനിയർ
Football
ഗോളടിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ മറികടക്കാൻ മറ്റാരുമില്ല: വിനീഷ്യസ് ജൂനിയർ
സുദേവ് എ
Saturday, 15th August 2026, 11:23 am

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും.

ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്. ഗോട്ട് ഡിബേറ്റില്‍ പല താരങ്ങള്‍ക്കും പരിശീലകര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഗോട്ട് ഡിബേറ്റില്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

മികച്ച താരമായി മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോയെയാണ് വിനീഷ്യസ് ജൂനിയര്‍ തെരഞ്ഞെടുത്തത്. സ്പാനിഷ് മാഗസിനായ മാഡ്രിഡിസ്റ്റ റയലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രസീലിയന്‍ താരം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

ഇതേ അഭിമുഖത്തില്‍ തന്നെ ഫുട്ബോളിലെ ലെജന്‍ഡ്സിന്റെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ക്രിസ്റ്റ്യാനോക്ക് പുറമെ അദ്ദേഹം നെയ്മര്‍, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ നസാരിയോ, ലൂക്ക മോഡ്രിച്ച് എന്നിവരുടെ പേരുകളും വിനീഷ്യസ് പറഞ്ഞു.

‘ഗോളടിക്കുന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോയെ മറികടക്കാൻ ആരുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് മുറിയിലെ ചുവരുകളില്‍ നിറയെ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചുവെക്കാറുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എന്റെ ഐഡല്‍,’ വിനീഷ്യസ് പറഞ്ഞു.

റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരമാണ് റൊണാള്‍ഡോ. 2009ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സ്പാനിഷ് ടീമിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ സ്വന്തമാക്കി.

നീണ്ട ഒമ്പത് വര്‍ഷത്തെ റയല്‍ ജീവിതത്തിന് ശേഷം 2018ല്‍ താരം യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കും റൊണാള്‍ഡോ കൂടുമാറി.

റെഡ് ഡെവിള്‍സില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ നസറിലേക്കാണ് റൊണാള്‍ഡോ ചേക്കേറിയത്. സൗദിയില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ പുറത്തെടുക്കുന്നത്.

നിലവില്‍ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് റൊണാള്‍ഡോ. റൊണാള്‍ഡോയുടെ അല്‍ നസര്‍ കളത്തിലിറങ്ങുന്നത് ഓഗസ്റ്റ് 15നാണ്. അല്‍ ഫത്തേഹ് എഫ്.സിക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ ലീഗ് കിരീടം നിലനിര്‍ത്താനായിരിക്കും അല്‍ നസര്‍ ലക്ഷ്യം വെക്കുക. ഈ സീസണില്‍ റൊണാള്‍ഡോ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Vinicius Junior talks about Cristiano Ronaldo

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.