പല സന്ദർഭങ്ങളിലും എനിക്ക് സംസാരിക്കാൻ അറിയില്ല, പൊതുവിടങ്ങളിൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്: വിനായകൻ
malayalam movie
പല സന്ദർഭങ്ങളിലും എനിക്ക് സംസാരിക്കാൻ അറിയില്ല, പൊതുവിടങ്ങളിൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്: വിനായകൻ
നന്ദന. ടി
Thursday, 27th August 2026, 9:40 am

മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് വിനായകൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സ്വാഭാവികമായ അഭിനയശൈലിയിലൂടെയും ശ്രദ്ധ നേടിയ താരം തന്റെ വ്യക്തിജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ.

നടനെന്ന നിലയിൽ ലഭിക്കുന്ന തിരിച്ചറിവിനപ്പുറം, തന്റേതായ വ്യക്തിത്വത്തിൽ ജീവിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചാണ് വിനായകൻ പറയുന്നത്. സിനിമയിലെ തിരക്കുകൾക്കിടയിൽ ജീവിതത്തിലെ ചില സാധാരണ കാര്യങ്ങൾ നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ഈയിടെയായി ആഘോഷങ്ങളിലൊക്കെയും പങ്കെടുക്കാനുള്ള താത്പര്യങ്ങളൊക്കെ പോയി. അതുകൊണ്ടുതന്നെ ജീവിതത്തിലെ ചില കാര്യങ്ങളൊക്കെ ഇപ്പോൾ മിസ് ചെയ്യാറുണ്ട്. പക്ഷേ ഇന്നും പല കാര്യങ്ങളും പുറത്തിറങ്ങി ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാൻ സാധിക്കുന്നില്ല. എനിക്ക് ഞാൻ ആയിട്ട് നിൽക്കാനാണ് ഇഷ്ടം.

വിനായകൻ. Photo. Screen Grab/ Youtube

എന്നാൽ ഇപ്പോൾ നടനായിപ്പോയതുകൊണ്ട് എന്നെ ആ ഒരു രീതിയിൽ മാത്രമാണ് എല്ലാവരും കാണുന്നത്. എവിടെപ്പോയാലും നടനായിട്ട് തന്നെയാണ് കാണുന്നത്. അത് ചിലപ്പോൾ വീട്ടിൽനിന്ന് വഴക്ക് പറയാനുള്ള കാരണമാകാറുണ്ട്. നടനായിട്ട് മാത്രം നമുക്ക് എങ്ങനെയാണ് ജീവിക്കാൻ കഴിയുക, നമുക്ക് നമ്മുടേതായിട്ടുള്ള ഒരു പേഴ്സണാലിറ്റി കൂടിയില്ലേ, അതിന് പറ്റുന്നില്ല എന്നത് ഒരു സങ്കടമാണ്,’ വിനായകൻ പറഞ്ഞു.

പൊതുവേദികളിലെ തന്റെ സംസാരശൈലി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്ന് പറയുകയാണ് വിനായകൻ. തന്റെ രീതികൾ എല്ലാം മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും വിനായകൻ കൂട്ടിച്ചേർത്തു.

‘പല സന്ദർഭങ്ങളിലും എനിക്ക് സംസാരിക്കാൻ അറിയില്ല. എന്റെ രീതി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്, അതുകൊണ്ടുതന്നെ പബ്ലിക് ആയി സംസാരിക്കുമ്പോൾ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

ഞാൻ ദേഷ്യത്തിൽ സംസാരിച്ചാൽ അതിന്റെ അർത്ഥം എനിക്ക് ആ വ്യക്തിയെ അല്ലെങ്കിൽ കാര്യത്തെ ഇഷ്ടമാണ് എന്നാണ്. എന്നാൽ, തിരിച്ചൊരു രീതിയിലാണ് ഞാൻ സംസാരിക്കുന്നതെങ്കിൽ ഇഷ്ടമല്ലെന്നുമാണ് അർത്ഥം. എന്റെ കാര്യങ്ങളെല്ലാം തികച്ചും വിപരീതമാണ്,’ വിനായകൻ പറഞ്ഞു.

ഭാര്യയുമായുള്ള വേർപിരിയലിനെക്കുറിച്ചും വിനായകൻ തുറന്നുപറഞ്ഞു. പരസ്പരം മനസിലാക്കിയ ശേഷമാണ് വേര്പിരിയലാണ് നല്ലതെന്ന തീരുമാനത്തിലെത്തിയതെന്നും നടൻ വ്യക്തമാക്കി.

‘ഭാര്യയും ഞാനും ഇപ്പോൾ സെപ്പറേറ്റഡാണ്. വഴക്കൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഒരുമിച്ച് നിൽക്കാൻ സാധിക്കാത്തതുകൊണ്ടാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരാളോടെങ്കിലും മനസുതുറന്ന് സംസാരിക്കേണ്ടത് ആവശ്യമാണ്. എന്റെ കാര്യത്തിൽ അത് ഭാര്യയായിരുന്നു.

വിനായകൻ. Photo. Screen grab/ Youtube

പിന്നെ വേർപിരിയലിന് കാരണം ഞാൻ തന്നെയായിരിക്കും. കാരണം എന്നെ ഹാൻഡിൽ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഇപ്പോഴും എന്റെ ബാങ്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുന്നത് ഭാര്യയാണ്. പരസ്പരം മനസിലാക്കിയപ്പോഴും വേർപിരിയുന്നതാണ് നല്ലതെന്ന് തോന്നി. കാരണം അതാണ് പുള്ളികാരിയുടെ ജീവിതത്തിനും നല്ലത്,’ വിനായകൻ പറഞ്ഞു.

Content Highlight: Vinayakan opens up about his personal life, communication style and the challenges of being seen only as an actor

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം