ഒരു മലയാള സിനിമയില്‍ കൂടി അഭിനയിക്കുമോ എന്ന് ലാല്‍ സാര്‍ ചോദിച്ചതുകൊണ്ട് ചെയ്ത പടം, കരിയറില്‍ വലിയ മൈലേജാണ് അത് തന്നത്: വിനയ പ്രസാദ്
Malayalam Cinema
ഒരു മലയാള സിനിമയില്‍ കൂടി അഭിനയിക്കുമോ എന്ന് ലാല്‍ സാര്‍ ചോദിച്ചതുകൊണ്ട് ചെയ്ത പടം, കരിയറില്‍ വലിയ മൈലേജാണ് അത് തന്നത്: വിനയ പ്രസാദ്
അമര്‍നാഥ് എം.
Thursday, 6th August 2026, 12:20 pm

മലയാളിയല്ലെങ്കിലും മലയാളസിനിമയില്‍ ഒരുപിടി മികച്ച വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ ഇടംനേടിയ താരമാണ് വിനയ പ്രസാദ്. കന്നഡ ചിത്രമായ മാധ്വാചാര്യയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് വിനയ പ്രസാദ് കരിയറാരംഭിച്ചത്. പിന്നീട് നിരവധി കന്നഡ സിനിമകളുടെ ഭാഗമായ താരം പെരുന്തച്ചനിലൂടെ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ വിനയ പ്രസാദ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നായികയായും ക്യാരക്ടര്‍ റോളുകള്‍ ചെയ്തും തിളങ്ങിയ താരം സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്. വിനയ പ്രസാദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മധുരമീ ജീവിതം റിലീസിന് തയാറെടുക്കുകയാണ്.

വിനയ പ്രസാദ് Photo: Screen grab/ Originals

ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ ആദ്യകാല സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴിലേക്ക് താന്‍ എത്തിയത് വളരെ അവിചാരിതമായിട്ടാണെന്ന് അവര്‍ പറഞ്ഞത്. കന്നഡയിലും മലയാളത്തിലും ചില സിനിമകള്‍ ചെയ്തതിന് ശേഷമാണ് മണിച്ചിത്രത്താഴിലേക്ക് തന്നെ സെലക്ട് ചെയ്തതെന്നും വിനയ പ്രസാദ് പറയുന്നു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു താരം.

‘അന്ന് ബാംഗ്ലൂരില്‍ ഒരു ഫങ്ഷന്‍ നടന്നു. അതില്‍ ലാല്‍ സാറും ഗസ്റ്റായിരുന്നു. എന്റെ ചില സിനിമകള്‍ അദ്ദേഹം കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. പരിപാടിയും അതിന്റെ ബാക്കി കാര്യങ്ങളുമെല്ലാം കഴിഞ്ഞപ്പോള്‍ ലാല്‍ സാര്‍ എന്റെയടുത്ത് വന്നിട്ട് ‘ഒരു മലയാള സിനിമയില്‍ കൂടി അഭിനയിക്കാമോ’ എന്ന് ചോദിച്ചു. ഏത് സിനിമയാണെന്നൊന്നും അപ്പോള്‍ ചോദിച്ചില്ല. ‘അവര്‍ വിളിക്കും’ എന്ന് മാത്രമേ ലാല്‍ സാര്‍ പറഞ്ഞുള്ളൂ. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണൊന്നും അന്ന് ഇല്ലായിരുന്നു.

 

 

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഫാസില്‍ സാറിന്റെ മാനേജര്‍ ലത്തീഫ് എന്നെ വിളിച്ചിട്ട് സിനിമയെക്കുറിച്ചും എന്റെ ക്യാരക്ടറിനെക്കുറിച്ചും പറഞ്ഞു തന്നു. മണിച്ചിത്രത്താഴായിരുന്നു ആ സിനിമ. ആ സിനിമ എനിക്ക് തന്ന മൈലേജ് ചെറുതല്ല. അതിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് ലാല്‍ സാറാണ്. എങ്ങനെയാണ് എന്നെ സെലക്ട് ചെയ്തതെന്ന് ഞാന്‍ ഫാസില്‍ സാറിനോട് ചോദിച്ചു. ‘ലാലാണ് എന്നോട് തന്നെക്കുറിച്ച് പറഞ്ഞത്. ഈ റോളിന് ചേരും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,’ വിനയ പ്രസാദ് പറയുന്നു.

Photo: The Hindu

മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ ആയിരം സിനിമയുടെ ഇംപാക്ടാണ് തനിക്ക് തന്നതെന്നും താരം പറഞ്ഞു. തന്നെ മണിച്ചിത്രത്താഴിലേക്ക് സജസ്റ്റ് ചെയ്തതിനെക്കുറിച്ച് മോഹന്‍ലാല്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന് അതൊന്നും ഇഷ്ടമല്ലെന്നും വിനയ പ്രസാദ് പറയുന്നു. ഇപ്പോഴാണ് ഇക്കാര്യം താന്‍ പരസ്യമാക്കിയതെന്നും അവര്‍ പറഞ്ഞു.

Content Highlight: Vinaya Prasad saying Mohanlal suggested her for Manichithrathazhu movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം