തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വിജേഷ് പാണത്തൂറിന്റെ സംവിധാനത്തിലൊരുങ്ങിയ പ്രകമ്പനം. സാഗര്‍ സൂര്യ, ഗണപതി, അമീന്‍ എന്നിങ്ങനെ യുവനടനടന്മാര്‍ അണിനിരന്ന ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങിയത്.

നദികള്‍ സുന്ദരി യമുന എന്ന സിനിമയിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ വിജേഷ് പാണത്തൂരിന്റെ രണ്ടാമത്തെ സിനിമയായിരുന്നു പ്രകമ്പനം. പ്രശസ്ത തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസ് സിനിമ ഏറ്റെടുത്തത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ പ്രകമ്പനം സിനിമയുടെ പിറവിയെ കുറിച്ച് സംസാരിക്കുകയാണ് വിജേഷ്.

‘നദികളില്‍ സുന്ദരി യമുന എന്ന എന്റെ ആദ്യ സിനിമയ്ക്ക് ശേഷം അടുത്ത സിനിമയുടെ എഴുത്തുപരിപാടികള്‍ നടക്കുന്ന സമയം. ഇടയില്‍ കുറച്ച് ദിവസം നാട്ടിലേക്കുവന്നു. ആ ദിവസങ്ങളിലൊന്നില്‍ നാട്ടിലെ ഒരു ചേട്ടന്‍ മരിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതനായ ഒരു പാവം. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിനിടെ നാട്ടിലെ പ്രധാന മദ്യപനായ ഒരാള്‍ എന്റെ അരികിലേക്കുവന്നു.

മരിച്ചയാളെക്കുറിച്ച് ഏറെ സങ്കടത്തോടെ സംസാരിച്ചു. ഏറെ കഷ്ടപ്പെട്ട് ജീവിച്ച അയാളുടെ ആത്മാവിന് ശാന്തികിട്ടണമെങ്കില്‍ ചിതാഭസ്മം കാശിയില്‍ച്ചെന്ന് ഗംഗയില്‍ ഒഴുക്കണമെന്നും കാശുതന്നാല്‍ താന്‍ പോയി ചെയ്ത് കൊള്ളാം എന്നും പറഞ്ഞു. ഇത് കേട്ടുകൊണ്ടിരുന്ന എന്റെ ഒരു സുഹൃത്ത് മെല്ലെ എന്റെ ചെവിയില്‍ പറഞ്ഞു.”ആ പൈസയ്ക്കുകൂടി മദ്യപിച്ച് അയാള്‍ ചിതാഭസ്മം ടച്ചിങ്‌സ് എന്ന് പറഞ്ഞു വാരിത്തിന്നും, എന്ന്,’ വിജേഷ് പറയുന്നു.

Photo: വിജേഷ് പാണത്തൂര്‍/ Facebook.com

ആ കോമഡി തനിക്ക് വര്‍ക്കായെന്നും വീട്ടില്‍ തിരികെവന്ന് ആലോചിച്ചപ്പോള്‍ ആ ഹ്യൂമറില്‍ ഒരു സിനിമ ഉണ്ടെന്നുതോന്നിയെന്നും അദ്ദേഹം പറഞ്ഞു. അതിന് പിന്നാലെ കൊച്ചിയില്‍ ഒരിടത്ത് താമസിച്ചപ്പോള്‍ ആ മുറിയെപ്പറ്റി ഒരു പ്രേതകഥയും കേട്ടുവെന്നും ഈ രണ്ടു സംഭവങ്ങളും ബന്ധിപ്പിച്ചാണ് പ്രകമ്പനം എന്ന സിനിമ പിറന്നതെന്നും വിജേഷ് കൂട്ടിച്ചേര്‍ത്തു. ആ കഥ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. കലാഭവന്‍ നവാസ് അഭിനയിച്ച അവസാന സിനിമ കൂടിയാണ് പ്രകമ്പനം. ശീതള്‍ ജോസഫാണ് സിനിമയില്‍ നായികയായെത്തിയത്.

Content Highlight: Vijesh  talks  about the birth of the movie Prakambanam