ഗസ്റ്റ് റോള്‍ പരിപാടി ഞാന്‍ നിര്‍ത്തി, ജയിലര്‍ 2ല്‍ കാമിയോ ചെയ്തത് ഒരൊറ്റക്കാരണം കൊണ്ട്: വിജയ് സേതുപതി
Indian Cinema
ഗസ്റ്റ് റോള്‍ പരിപാടി ഞാന്‍ നിര്‍ത്തി, ജയിലര്‍ 2ല്‍ കാമിയോ ചെയ്തത് ഒരൊറ്റക്കാരണം കൊണ്ട്: വിജയ് സേതുപതി
അമര്‍നാഥ് എം.
Sunday, 2nd August 2026, 9:45 am

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് വിജയ് സേതുപതി. സഹനടനായി കരിയറാരംഭിച്ച വിജയ് സേതുപതി പിന്നീട് നായകനായി പ്രേക്ഷകമനസില്‍ ഇടംപിടിച്ചു. നായകനായി മാത്രം നില്‍ക്കാതെ സൂപ്പര്‍താര സിനിമകളില്‍ വില്ലനായും താരം വേഷമിട്ടിട്ടുണ്ട്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും വിജയ് സേതുപതി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അഭിനയത്തിനപ്പുറം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഹോസ്റ്റായും തിളങ്ങിയ വിജയ് സേതുപതി തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്നായി നാലിലധികം സിനിമകള്‍ താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. മണിരത്‌നത്തിനൊപ്പമുള്ള പ്രൊജക്ട്, ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പോക്കറ്റ് നോവല്‍, മിഷ്‌കിന്‍ ഒരുക്കുന്ന ട്രെയിന്‍, പുരി ജഗന്നാഥിന്റെ സ്ലം ഡോഗ് എന്നീ ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

നാല് സിനിമകളും ഒന്നിച്ച് ഒരുങ്ങുന്നതല്ലെന്നും പല കാരണങ്ങള്‍ കൊണ്ട് വൈകുന്നതുകൊണ്ടാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. മിഷ്‌കിന്റെ ട്രെയിന്‍ ഷൂട്ട് നരേത്തെ പൂര്‍ത്തിയായതാണെന്നും റിലീസ് വൈകിയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗോബിനാഥിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നല്ല സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. അതിന്റെ ഒപ്പം ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോയുടെയും ഭാഗമാവുകയാണെന്ന് മാത്രം. പിന്നെ അനാവശ്യമായി ഗസ്റ്റ് റോള്‍ ചെയ്യില്ലെന്ന് ഞാന്‍ തീരുമാനമെടുത്തു. ജയിലര്‍ 2ല്‍ ഞാന്‍ ഗസ്റ്റ് റോള്‍ ചെയ്തിട്ടുണ്ട്. അത് രജിനി സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വേണ്ടി മാത്രമാണ്.

ഇനിയിപ്പോള്‍ ജയിലര്‍ 2ന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ വന്നാല്‍ പോലും ആളുകള്‍ രജിനി സാറിനെ മാത്രമേ ശ്രദ്ധിക്കുള്ളൂ. അതാണ് അദ്ദേഹം ഉണ്ടാക്കിയ ഇംപാക്ട്. പക്ഷേ, ചെറിയ സിനിമകളില്‍ എന്റെ മുഖം വലിയ രീതിയില്‍ വന്നാല്‍ ആളുകള്‍ ചിലപ്പോള്‍ തെറ്റിദ്ധരിക്കും. അത് ആ സിനിമയെ മോശമായി ബാധിച്ചേക്കുമോ എന്നും പേടിയുണ്ട്,’ വിജയ് സേതുപതി പറഞ്ഞു.

മണിരത്‌നം സംവിധാനം ചെയ്യുന്ന പ്രൊജക്ട് കൊല്‍ക്കത്തയില്‍ പുരോഗമിക്കുകയാണ്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. തഗ് ലൈഫിന്റെ പരാജയത്തിന് ശേഷം മണിരതനം ഒരുക്കുന്ന ചിത്രം റോമാന്‍സ് ഴോണറിലാകുമെന്നാണ് സൂചനകള്‍. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പോക്കറ്റ് നോവലിന്റെ ഷൂട്ടും പുരോഗമിക്കുന്നുണ്ട്.

Content Highlight: Vijay Sethupathi about his cameo in Jailer 2 movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം