സര്‍ക്കാര്‍ രൂപീകരിക്കാന്‍ സി.പി.ഐ.എമ്മിന്റേയും സി.പി.ഐയുടേയും വി.സി.കെയുടേയും പിന്തുണ തേടി വിജയ്
India
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സി.പി.ഐ.എമ്മിന്റേയും സി.പി.ഐയുടേയും വി.സി.കെയുടേയും പിന്തുണ തേടി വിജയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th May 2026, 2:16 pm

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കി വിജയ്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍, ഡി.എം.കെ സഖ്യത്തിലെ പ്രധാന കക്ഷികളായ വിടുതലൈ ചിരുതൈഗല്‍ കക്ഷി (വി.സി.കെ), സി.പി.ഐ, സി.പി.ഐ.എം എന്നിവരുടെ പിന്തുണ തേടിയിരിക്കുകയാണ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം.

നിലവില്‍ 108 സീറ്റുകളില്‍ വിജയിച്ച ടി.വി.കെയ്ക്ക് (രണ്ട് സീറ്റുകളില്‍ മത്സരിച്ച വിജയ് ഉള്‍പ്പെടെ 107 എം.എല്‍.എമാര്‍) അധികാരം പിടിക്കാന്‍ 11 സീറ്റുകള്‍ കൂടി ആവശ്യമാണ്.

ഇന്നാണ് കോണ്‍ഗ്രസ് ടി.വി.കെയ്ക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് വിജയ്‌യുടെ പുതിയ നീക്കം. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. സംസ്ഥാന-ദേശീയ തലങ്ങളില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കളുടെ വെര്‍ച്വല്‍ യോഗത്തിലാണ് ടി.വി.കെയെ പിന്തുണയ്ക്കാനുള്ള തീരുമാനമുണ്ടായത്.

ഇതിന് പിന്നാലെ ടി.വി.കെയില്‍ നിന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ലഭിച്ചതായി വി.സി.കെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രണ്ട് സീറ്റുകള്‍ വീതമാണ് വി.സി.കെ, സി.പി.ഐ, സി.പി.ഐ.എം എന്നീ പാര്‍ട്ടികള്‍ക്കുള്ളത്.

വ്യാഴാഴ്ച ചെന്നൈയില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് വി.സി.കെ അറിയിച്ചു.

ടി.വി.കെയ്ക്ക് പിന്തുണ നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സി.പി.ഐയും സി.പി.ഐ.എമ്മും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണ്ണമായിരിക്കെ, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് ഉച്ചയോടെ ചെന്നൈയിലെത്തും. ഗവര്‍ണറുടെ സന്ദര്‍ശനം സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ നിര്‍ണ്ണായകമാകും.

അതേസമയം, കേവല ഭൂരിപക്ഷം ഉറപ്പാക്കുന്നതിനായി ടിവികെയും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ടി.വികെയ്ക്ക് പിന്തുണ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെയില്‍ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സി.പി.ഐ.എമ്മും സി.പി.ഐയും വി.സി.കെയും ടി.വി.കെയ്ക്ക് അനുകൂലമായാല്‍ തമിഴ്നാട്ടില്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കാനുള്ള വഴി തെളിയും.

Content Highlight: Vijay’s TVK seeks DMK allies VCK, CPM and CPI support to form government