ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായ രജിനികാന്തിന് തമിഴ്‌നാട്ടില്‍ വെല്ലുവിളിയായി നിന്ന താരമായിരുന്നു വിജയ്. രജിനിയുടെ അവസാന സിനിമകള്‍ ബ്ലോക്ക്ബസ്റ്ററാകാന്‍ പാടുപെടുമ്പോള്‍ ഫസ്റ്റ് ഡേ മുതല്‍ ഫൈനല്‍ കളക്ഷനില്‍ വരെ റെക്കോഡിട്ട് വിജയ് നിറഞ്ഞുനിന്നു. എന്നാല്‍ സിനിമാജീവിതത്തിന് വിരാമമിട്ടുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന പ്രഖ്യാപനം സിനിമാലോകത്തെ ഞെട്ടിച്ചു.

2026 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന്റെ പ്രചരണത്തിലാണ് വിജയ് ഇപ്പോള്‍. അവസാന സിനിമയായ ജന നായകന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് താരം പ്രചരണത്തിനായി ഇറങ്ങിയത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് ഒന്നിനുപിന്നാലെ ഒന്നായി നിരവധി തിരിച്ചടികളാണ് നേരിടുന്നത്.

ഷൂട്ട് പൂര്‍ത്തിയായി പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ട ജന നായകന്‍ മൂന്ന് മാസമായി പെട്ടിയില്‍ കിടക്കുകയാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് ജന നായകന്‍ റിലീസാകാത്തത്. നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെ റിലീസ് അനിശ്ചിതത്വത്തിലായി.

ഇലക്ഷന്‍ ഡേറ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് റിലീസ് ചെയ്യാമെന്ന മോഹവും ഇതോടെ അസ്തമിച്ചു. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഒ.ടി.ടി ഡീലില്‍ നിന്ന് ആമസോണ്‍ പ്രൈമും പിന്മാറിയതോടെ ജന നായകന് ലഭിച്ചത് വല്ലാത്ത തിരിച്ചടിയാണ്.

ഇതോടെ വിജയ്‌ക്കെതിരെ പരിഹാസ പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയാണ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ വിജയ് പറഞ്ഞ വാക്കാണ് പരിഹസിക്കാനായി ഉപയോഗിക്കുന്നത്. ‘എന്റെ കരിയറിന്റെ ഉച്ചത്തെ വിട്ടുകൊണ്ടാണ് ഞാന്‍ ജനങ്ങളെ സേവിക്കാനായി ഇറങ്ങിയിരിക്കുന്നത്’ എന്നായിരുന്നു വിജയ്‌യുടെ വാക്കുകള്‍.

കരിയറിന്റെ ഉയരത്തില്‍ നിന്ന് വിജയ്ക്ക് ഇത്തരമൊരു തിരിച്ചടി ലഭിക്കുമെന്ന് ഹേറ്റേഴ്‌സ് പോലും വിചാരിച്ചില്ലെന്നാണ് പല പോസ്റ്റുകളും. കരിയറില്‍ ആദ്യമായി പറഞ്ഞ സമയത്ത് ഒരു സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാതെ പോയതും പറഞ്ഞുറപ്പിച്ച ഒ.ടി.ടി ഡീല്‍ ക്യാന്‍സലാകുന്നതും വിജയ്ക്ക് നേരിടേണ്ടി വരുമെന്ന് കരുതിയില്ലെന്നാണ് പലരും പരിഹസിക്കുന്നത്.

സിനിമയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെ ബൂസ്റ്റ് ചെയ്യുന്ന ഡയലോഗുകളും സീനുകളും ഉള്‍പ്പെടുത്തിയതിന്റെ ഫലമാണ് ഈ തിരിച്ചടിയെന്നും അഭിപ്രായപ്പെടുന്നുണ്ട്. ജന നായകന്റെ ഒറിജിനല്‍ വേര്‍ഷനായ ഭഗവന്ത് കേസരിക്ക് ഇതുപോലെ തടസങ്ങള്‍ നേരിടേണ്ടി വന്നിരുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ജന നായകന്റെ അവസ്ഥ മറ്റൊരു സിനിമക്കും വരുത്തല്ലേ എന്നാണ് കമന്റുകള്‍.

ജന നായകന്റെ പ്രശ്‌നങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ പ്രശ്‌നങ്ങളും വിജയ്ക്ക് നേരെ ഉയരുന്നുണ്ട്. കരൂരിലെ റാലിയിലുണ്ടായ ജനത്തിരക്കില്‍ 41 പേര്‍ക്ക് ജീവന്‍ നഷ്ടമായതും അതിന് ശേഷം വന്ന ആരോപണങ്ങളും താരത്തിന് വലിയ തിരിച്ചടിയായി മാറി. സ്വന്തം ആരാധകര്‍ പോലും വിജയ്‌യെ ട്രോളുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ കടുത്ത ആരാധകരില്‍ ചിലര്‍ വിജയ് ശക്തമായി തിരിച്ചുവരുമെന്നും വിശ്വസിക്കുന്നു.

Content Highlight: Vijay getting trolls after the OTT issue of Jana Nayagan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ