ഒരുകാലത്ത് കൊമേഷ്‌സ്യല്‍ സിനിമകളിലൂടെ വളരെ ശക്തമായ സന്ദേശം നല്‍കിയിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. ചെറിയ കാര്യങ്ങളാണെന്ന് നമ്മള്‍ കരുതുന്ന പലതിന്റെയും പിന്നിലെ തെറ്റുകള്‍ സൂപ്പര്‍താരങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ തമിഴ് സിനിമ വേറെ ലെവലായിരുന്നു. ഷങ്കര്‍, എ.ആര്‍. മുരുകദോസ് തുടങ്ങിയവരായിരുന്നു ഇതിലെ മാസ്‌റ്റേഴ്‌സ്. ഇവര്‍ രണ്ടുപേരും ഫീല്‍ഡൗട്ടായതോടെ അത്തരം സിനിമകളുടെ വരവും കുറഞ്ഞു.
എന്നാല്‍ പഴയകാല ഷങ്കര്‍, മുരുകദോസ് സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ സിനിമ ചെയ്യുന്ന പുതിയ സംവിധായകനാണ് പി.എസ്. മിത്രന്‍. വലിയ പ്രാധാന്യമില്ലെന്ന് നമ്മള്‍ കരുതുന്ന പല കാര്യങ്ങള്‍ക്കും പിന്നില്‍ മറഞ്ഞിരിക്കുന്ന വലിയ ക്രൈമുകളെയാണ് മിത്രന്‍ തന്റെ സിനിമകളിലൂടെ വരച്ചുകാട്ടുന്നത്. ചെയ്ത നാല് സിനിമകളും ഇതിന് ഉദാഹരണമാണ്. ഇരുമ്പു തിരൈ, ഹീറോ, സര്‍ദാര്‍, സര്‍ദാര്‍ 2 എന്നീ ചിത്രങ്ങളില്‍ മിത്രന്‍ പറയുന്ന വിഷയങ്ങള്‍ വലുതാണ്.

ലോണിന്റെ പേരില്‍ പണം തട്ടുന്ന മാഫിയയെ തുറന്നുകാണിച്ച ഇരുമ്പു തിരൈയിലൂടെയാണ് മിത്രന്‍ തന്റെ കരിയറാരംഭിച്ചത്. നമ്മളുപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണിലൂടെ എങ്ങനെയെല്ലാം പറ്റിക്കപ്പെടാമെന്ന് കാണിച്ച ചിത്രം പലരുടെയും ഫേവറെറ്റാണ്. വിശാലിന്റെ നായക കഥാപാത്രത്തെക്കാള്‍ ഫാന്‍ ബേസ് അര്‍ജുന്‍ അവതരിപ്പിച്ച ഡാര്‍ക്ക് ഡെവിള്‍ എന്ന വില്ലനാണ്.
ഫേക്ക് യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ പലയിടത്തും മുളച്ചു പൊന്തുന്നതും അതിന് പിന്നിലെ കള്ളക്കളികളും വരച്ചുകാട്ടിയ ചിത്രമായിരുന്നു ഹീറോ. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. ഇതോടെ മിത്രന്‍ എന്ന സംവിധായകന്റെ കരിയറും ചോദ്യചിഹ്നമായി. എന്നിരുന്നാലും ഹീറോ മുന്നോട്ടുവെച്ച വിഷയം ഇന്നും ചര്‍ച്ചയാണ്.

മൂന്നാമത്തെ ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവാണ് മിത്രന്‍ നടത്തിയത്. കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ സ്‌പൈ ത്രില്ലര്‍ സര്‍ദാര്‍ സര്‍പ്രൈസ് ഹിറ്റായി മാറി. കണ്ടുശീലിച്ച സ്‌പൈ സിനിമകള്‍ക്ക് കുറച്ച് തമിഴ് ഫ്‌ളേവര്‍ നല്‍കിയ സര്‍ദാര്‍ പറഞ്ഞത് ശക്തമായ വിഷയമായിരുന്നു. മിനറല്‍ വാട്ടറിന് പിന്നാലെ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പറഞ്ഞ ചിത്രം വന്‍ വിജയമായി. എന്നാല്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ സര്‍ദാറിന്റെ രണ്ടാം ഭാഗത്തിന് സാധിച്ചിട്ടില്ല.
ആദ്യഭാഗത്തെപ്പോലെ സ്‌പൈ ആക്ഷന്‍ ഴോണറിലാണ് സര്‍ദാര്‍ 2 ഒരുക്കിയത്. ആളുകളുടെ സ്വയം ചികിത്സ എത്രമാത്രം അപകടകരമാണെന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. എന്നാല്‍ കെട്ടുറപ്പില്ലാത്ത തിരക്കഥ കാരണം സിനിമയോട് ഒരു ഇമോഷണല്‍ കണക്ഷനും തോന്നാത്ത അവസ്ഥയാണ്. മിത്രന്‍ എന്ന തിരക്കഥാകൃത്തിന്റെ പരാജയവും ഇതാണ്.

കഥയുടെ പ്രധാന പോയിന്റിലേക്ക് കടക്കാനെടുക്കുന്ന സമയവും അതിനിടയിലെ അനാവശ്യ റൊമാന്‍സുമാണ് മിത്രന്റെ സിനിമകളുടെ പ്രധാന നെഗറ്റീവ്. പഴയ ടിപ്പിക്കല്‍ തമിഴ് സിനിമയുടെ ഫോര്‍മാറ്റിനെ പിന്തുടരാതെ സ്വന്തമായൊരു നരേഷന്‍ സ്റ്റൈല്‍ കൊണ്ടുവന്നാല്‍ ഒരു ഗംഭീര സംവിധായകനായി മിത്രന്‍ മാറുമെന്ന് ഉറപ്പാണ്.
Content Highlight: P S Mithran’s filmography and his weak points
