മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. നിരവധി എവര്‍ഗ്രീന്‍ മെലഡികള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. മലയാള സിനിമയിലെ സംഗീത യാത്രയില്‍ 25 വര്‍ഷം കുറിച്ചിരിക്കുകയാണ് വിദ്യാസാഗര്‍.

നിരവധി പുതുമുഖ ഗായകരെയും മോഹന്‍ലാലും ഇന്നസെന്റും ഉള്‍പ്പെടെയുള്ള താരങ്ങളെ കൊണ്ടും വിദ്യാസാഗര്‍ പാട്ടുകള്‍ പാടിച്ചിട്ടുണ്ട്. വിദ്യാസാഗറാണ് തന്നെ ആദ്യമായി പാട്ട് പാടാന്‍ വിളിച്ചതെന്ന് നടന്‍ പൃഥ്വിരാജും മുമ്പ് പറഞ്ഞിരുന്നു.

റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമക്ക് വേണ്ടിയാണ് തന്നെ വിളിച്ചതെന്നും ചെന്നൈയില്‍ പോയി അതിന്റെ ട്രാക്ക് എടുത്തെങ്കിലും ഷൂട്ടിങ് കാരണം അത് ചെയ്യാന്‍ പറ്റിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

പൃഥ്വിരാജിനെ പാട്ട് പാടാന്‍ വിളിച്ചതിനെ പറ്റി പറയുകയാണ് വിദ്യാസാഗര്‍. പൃഥ്വിരാജ് നന്നായി പാടുമെന്ന് അറിഞ്ഞ് ആ താല്‍പര്യത്തിലാണ് വിളിച്ചതെന്നും എന്നാല്‍ അത് നടന്നില്ലെന്നും വിദ്യാസാഗര്‍ പറഞ്ഞു. ബിജു മേനോനേയും ദുല്‍ഖര്‍ സല്‍മാനേയും പാടാന്‍ വിളിച്ചിട്ടുണ്ടെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാസാഗര്‍ പറഞ്ഞു.

‘പൃഥ്വി നന്നായി പാടുമെന്ന് ആരോ എന്നോട് പറഞ്ഞിരുന്നു. പിന്നെ ഞാന്‍ എപ്പോഴും പുതിയത് ട്രൈ ചെയ്‌തോണ്ടിരിക്കും. പൃഥ്വി പാടുമെങ്കില്‍ പൃഥ്വിയെ വിളിച്ച് പാടിപ്പിച്ച് നോക്കാമെന്ന് വിചാരിച്ചു. ആ ഒരു താല്‍പര്യം കൊണ്ടാണ് വിളിച്ചത്. പക്ഷേ അത് സംഭവിച്ചില്ല.

ഇന്നസെന്റിനെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ഗ്രേറ്റ് ആര്‍ടിസ്റ്റാണ്. എനിക്ക് രണ്ട് പാട്ട് പാടി തന്നിട്ടുണ്ട്. ഒരു പ്രാവശ്യം ബിജു മേനോനെ ട്രൈ ചെയ്തിരുന്നു. അത് ഏത് പാട്ടിന് വേണ്ടിയാണെന്ന് ഓര്‍മയില്ല. എന്റെ തുടക്കകാലത്തായിരുന്നു. പക്ഷേ അതും വര്‍ക്കായില്ല.

ഒരു പ്രാവശ്യം ദുല്‍ഖറിന് വേണ്ടി ട്രൈ ചെയ്തിട്ടുണ്ട്. എന്നാല്‍ അന്ന് ദുല്‍ഖറിനെ കിട്ടിയില്ല. എവിടെയോ ഷൂട്ടിലായിരുന്നു. അത് പുതിയ പടത്തിന് വേണ്ടിയായിരുന്നു,’ വിദ്യാസാഗര്‍ പറഞ്ഞു.

Content Highlight: Vidyasagar talks about calling Prithviraj and dulquer salmaan for recording songs