മലയാള സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം തിയേറ്ററില്‍ നിന്നും വലിയ വിജയം നേടുകയും പിന്നാലെ ജിയോ ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും വിലയിരുത്തിക്കൊണ്ടായിരുന്നു ചര്‍ച്ചകളില്‍ ഭൂരിഭാഗവും. നിവിന്‍ പോളിയുടെ ഹിറ്റ് ചിത്രങ്ങളായ സര്‍വം മായ, പ്രേമം, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളെ ബന്ധപ്പെടുത്തിയും സിനിമാ പേജുകളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

റോഷന്‍ ഷാനവാസ് അവതരിപ്പിച്ച ഗ്ലിക്സണുമായി ബന്ധപ്പെടുത്തിയും ഒട്ടനവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. ചിത്രത്തില്‍ മമിതയുടെ പിന്നാലെ നടക്കുന്ന പൂവാലനായ കഥാപാത്രത്തെയായിരുന്നു റോഷന്‍ അവതരിപ്പിച്ചത്. തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ റോഷന്‍ ഒ.ടി.ടിയിലും ജനപ്രീതി നേടിയെടുത്തിരുന്നു. ആഷ്ലിയ്ക്കും ജസ്റ്റിനും ഇടയിലെ ഒരു കട്ടുറുമ്പ് എന്നതിനപ്പുറത്തേക്ക് ഗ്ലിക്സന്റെ കഥാപാത്രത്തെ പരിശോധിക്കുകയാണ് പലരും.

ഇപ്പോഴിതാ ജസ്റ്റിന് പ്രതീക്ഷ നല്‍കി വഞ്ചിച്ച ആഷ്ലിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ട്രോള്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇല്ലാത്ത കാശ് കൊടുത്ത് ഗ്ലിക്സണ്‍ വാങ്ങിക്കൊകൊടുത്ത മൈസൂര്‍ പാക്ക് അവന്റെ ഇന്റെന്‍ഷന്‍ അറിഞ്ഞുകൊണ്ട് തന്നെ മറ്റുള്ളവരെ വിളിച്ച് വെട്ടി മുണുങ്ങുന്ന ആഷ്ലിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ഈ പേര് പറഞ്ഞ് പലരും പരിഹസിച്ചിട്ടും ആഷ്ലിയുടെ കോളേജില്‍ നടന്ന ഗിറ്റാര്‍ വായന കേള്‍ക്കാന്‍ ഗ്ലിക്സണ്‍ പോകുന്നുണ്ട്. ഇവിടെ വെച്ച് ഗ്ലിക്സണോട് കണ്ണിറുക്കി കാണിച്ചതിലൂടെ അനാവശ്യ പ്രതീക്ഷയാണ് ആഷ്ലി ഗ്ലിക്സണ് നല്‍കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഇതിനെല്ലാം പുറമെ ഗുരുതരമായ ആരോപണം വരുന്നത് ജസ്റ്റിനുമായി വഴക്കിട്ട് ആഷ്ലി തിരുവനന്തപുരത്ത് പോകുമ്പോഴാണ്. കാമുകനുമായി തെറ്റിയ ആഷ്ലി ഈ സമയത്ത് തന്റെ കാര്യങ്ങളെല്ലാം ഗ്ലിക്സണെ മെസേജ് ചെയ്ത് അറിയിക്കുന്നുണ്ട്. ഇതെല്ലാം ഗ്ലിക്സണില്‍ പ്രതീക്ഷയുണ്ടാക്കുന്നു.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

അവസാനം ഗോവയില്‍ ട്രിപ്പ് പോയ സമയത്ത് തന്റെ മനസിലുള്ള കാര്യങ്ങളെല്ലാം ഗ്ലിക്സണ്‍ തുറന്നുപറയുന്നു. എന്നാല്‍ ഒന്നും അറിയാത്ത പോലെയാണ് ആഷ്ലി പെരുമാറുന്നത്. ഇത്രയൊക്കെ ആയിട്ടും തികഞ്ഞ പക്വതയോടെയാണ് ഗ്ലിക്സണ്‍ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോ പുറത്തുവന്നതോടെ ഗ്ലിക്സണെ പിന്തുണച്ചുകൊണ്ട് ഒട്ടനവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Video about Glickson in Bethlehem Kudumba Unit goes viral on social media