തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് വേദിക. തമിഴ് സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടി തുടര്‍ന്ന് തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു. ജെയിംസ് ആന്‍ഡ് ആലിസ്, കസിന്‍സ് എന്നീ സിനിമകളിലൂടെ താരം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായി മാറിയിരുന്നു.

മലയാളത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത വേദിക മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3യില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. ഇന്നലെ റിലീസായ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയില്‍ തന്നെ സ്വാധീനിച്ച നടിയെ കുറിച്ച് സംസാരിക്കുകയാണ് വേദിക.

‘ചെറുപ്പം തൊട്ടേ ശ്രീദേവിയുടെ തീവ്രമായ ആരാധികയാണ് ഞാന്‍. അവരാണ് എനിക്ക് പ്രചോദനം, റോള്‍മോഡല്‍. അവരുടെ എല്ലാ സിനിമയും മിസ് ചെയ്യാതെ അന്വേഷിച്ചു കണ്ടെത്തി കണ്ടിട്ടുണ്ട്. അവരുടെ ‘മൂന്നാം പിറ’യിലെ അഭിനയത്തെ എത്ര പറഞ്ഞാലും മതിവരില്ല. അത്ര ഇഷ്ടമാണ്. ആ സിനിമ എത്രയോ ആവര്‍ത്തി ഞാന്‍ കണ്ടിട്ടുണ്ട്,’ വേദികയുടെ വാക്കുകള്‍

സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്തു തന്നെ ഒട്ടേറെ കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍ താന്‍ പങ്കെടുക്കുമായിരുന്നുവന്നെും പണ്ട് മുതലേ അഭിനയത്തോടും താത്പര്യമുണ്ടായിരുന്നുവെന്നും വേദിക പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനെ കുറിച്ചും നടി സംസാരിച്ചു.

‘ഞാന്‍ പത്തുവര്‍ഷം മുമ്പേ തന്നെ സൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ളയാളാണ്. രണ്ട്  മില്ല്യണില്‍പ്പരം ആരാധകരുടെ സ്നേഹവും, ലൈക്കും നേടാനായി എന്നത് സന്തോഷം പകരുന്നു. ഇത് ഒരുതരം സൗഹൃദത്തിനുള്ള മാര്‍ഗമാണ്. ജനലിലൂടെ ജനങ്ങളുടെ ആസ്വാദനത്തെ മനസിലാക്കുന്നതുപോലെ.

എന്റെ ഫോട്ടോസ് എന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരിട്ട് ഫാന്‍സിന് കാണുവാനും, അവരുടെ കമന്റുകള്‍ വായിക്കുവാനും സോഷ്യല്‍ മീഡിയ വളരെയധികം സഹായകമാണ്,’ വേദിക പറയുന്നു.

Content Highlight: Vedhika speaks about Sridevi