mother-teresa-2കൊല്‍ക്കത്ത: മദര്‍ തെരേസയ്ക്ക് വിശുദ്ധ പദവിനല്‍കാന്‍ വത്തിക്കാന്‍ തീരുമാനം. പോപ് ഫ്രാന്‍സിസ് മദര്‍ തെരേസയുടെ രണ്ടാം ദിവ്യാത്ഭുതം തിരിച്ചറിഞ്ഞതോടെയാണ് മദര്‍തെരേസയ്ക്ക് വിശുദ്ധ പദവി നല്‍കാന്‍ തീരുമാനമായത്. അടുത്തവര്‍ഷം സെപ്റ്റംബര്‍ 4നായിരിക്കും തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങ് നടക്കുക. പാവങ്ങളെയെും ദുരിതമനുഭവിക്കുന്നവരേയും സഹായിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു മദര്‍ തെരേസ.

തലച്ചോറില്‍ മാരകമായ രോഗത്തിനടിമയായ വ്യക്തിക്ക് അത്ഭുതകമാംവിധം രോഗമുക്തി നേടുന്നതിന് കാരണക്കാരിയായി എന്നതാണ് മദര്‍ തെരേസയുടെ രണ്ടാം ദിവ്യാത്ഭുതമായി വത്തിക്കാന്‍ വിദഗ്ദസമിതി കണ്ടെത്തിയത്.

അതേസമയം മദര്‍തെരേസ സ്ഥാപിച്ച കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു. മദര്‍ തെരേസയ്ക്ക് വിശുദ്ധപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നിന്നുമുള്ള ഔഗ്യോഗിക സ്ഥിരീകരണം തങ്ങള്‍ക്ക് ലഭിച്ചുവെന്നും തങ്ങള്‍ ആവേശത്തിലും സന്തോഷത്തിലുമാണെന്നും മദര്‍തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറഞ്ഞു.

നോബേല്‍ പുരസ്‌കാര ജേതാവുകൂടിയായ മദര്‍ തെരേസ 1997ല്‍ തന്റെ 87ാം വയസ്സിലാണ് അന്തരിച്ചത്. 2003ലാണ് പോപ് ജോണ്‍ പോള്‍ മദര്‍ തെരേസയെ ബീറ്റിഫൈ ചെയ്തത്. വിശുദ്ധ പദവി ലഭിക്കുന്നതിന് മുമ്പുള്ള അവസാനപടിയാണ് ഈ ചടങ്ങ്. വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പോപ് ഫ്രാന്‍സിസ് സഭയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.