ഒരു വെടിക്ക് രണ്ട് പക്ഷി; വൈഭവിന്റെ ആറാട്ടില്‍ പിറന്നത് ഇരട്ട റെക്കോഡ്!
Cricket
ഒരു വെടിക്ക് രണ്ട് പക്ഷി; വൈഭവിന്റെ ആറാട്ടില്‍ പിറന്നത് ഇരട്ട റെക്കോഡ്!
ശ്രീരാഗ് പാറക്കല്‍
Sunday, 26th April 2026, 11:08 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 15 വയസുകാരന്‍ വൈഭവ് സൂര്യവംശി. ടി-20 ചരിത്രത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനാണ് വൈഭവിന് സാധിച്ചത്. മാത്രമല്ല ടി-20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരവും വൈഭവ് തന്നെയാണ്.

നിലവില്‍ ടി-20യില്‍ 26 ഇന്നിങ്‌സില്‍ നിന്ന് 1058 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 144 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 42.32 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 213.73 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റ് വീശിയത്. മാത്രമല്ല നാല് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് 15 വയസുകാരന്റെ അക്കൗണ്ടിലുള്ളത്. 94 സിക്‌സറും 84 ഫോറും വൈഭവ് ഫോര്‍മാറ്റില്‍ ഇതുവരെ നേടിയിട്ടുണ്ട്.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ 37 പന്തില്‍ 12 കൂറ്റന്‍ സിക്‌സറുകളും അഞ്ച് ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് വൈഭവ് സ്വന്തമാക്കിയത്. 278.38 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഇത് താരത്തിന്റെ രണ്ടാം ഐ.പി.എല്‍ സെഞ്ച്വറിയാണ്.

വൈഭവിന്റെ സെഞ്ച്വറിയുണ്ടായിട്ടും രാജസ്ഥാന്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഉദയസൂര്യന്‍മാരുടെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പടുത്തുയര്‍ത്തിയത്.

മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

ഹൈദരാബാദിനായി ഈഷന്‍ മലിംഗ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രഫുല്‍ ഹിംഗെ, പാറ്റ് കമ്മിന്‍സ്, സാക്കിബ് ഹുസൈന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍ ഇഷാന്‍ കിഷനാണ്. 31 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. അഭിഷേക് ശര്‍മ 29 പന്തില്‍ 57 റണ്‍സും നേടി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഡെണോവന്‍ ഫെരേരിയ ഒരു വിക്കറ്റും നേടി.

Content Highlight: Vaibhav Suryavansh Complete 1000 T-20 Runs And Achieve Dual Record

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ