സ്വന്തം നാട്ടിലെ റീ റിലീസില്‍ ഒരു കോടി നേടാന്‍ പലരും പാടുപെടുന്നു, തെലുങ്കില്‍ അഞ്ചാമത്തെ റീ റിലീസിലും സൂപ്പര്‍ഹിറ്റായി വാരണം ആയിരം
Indian Cinema
സ്വന്തം നാട്ടിലെ റീ റിലീസില്‍ ഒരു കോടി നേടാന്‍ പലരും പാടുപെടുന്നു, തെലുങ്കില്‍ അഞ്ചാമത്തെ റീ റിലീസിലും സൂപ്പര്‍ഹിറ്റായി വാരണം ആയിരം
അമര്‍നാഥ് എം.
Friday, 19th June 2026, 9:25 pm

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ റീ റിലീസിന്റെ സീസണാണ്. ഭാഷാവ്യത്യാസമില്ലാതെ എല്ലാ ഭാഷയിലെയും ക്ലാസിക് സിനിമകള്‍ ഇപ്പോള്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നുണ്ട്. പല സിനിമകളും ആരാധകര്‍ വലിയ രീതിയില്‍ ആഘോഷമാക്കുന്നതും പതിവാണ്. മലയാളത്തിലും റീ റിലീസിന്റെ സീസണ്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ഒരു തമിഴ് ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ ആന്ധ്രയില്‍ ഗംഭീര വിജം നേടുകയാണ്. സൂര്യയുടെ വാരണം ആയിരത്തിന്റെ തെലുങ്ക് പതിപ്പായ സൂര്യ സണ്‍ ഓഫ് കൃഷ്ണന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച റീ റിലീസ് ചെയ്ത ചിത്രം ഇതിനോടകം 2.5 കോടി രൂപയിലേറെ നേടിക്കഴിഞ്ഞു.

സൂര്യ S/o കൃഷ്ണ Photo: OTTPlay

അഞ്ചാം തവണയാണ് സൂര്യ S/o കൃഷ്ണ തെലുങ്കില്‍ റീ റിലീസ് ചെയ്യുന്നത്. ഓരോ റീ റിലീസിലും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. സൂര്യക്ക് ആന്ധ്ര/ തെലങ്കാന മേഖലയിലുള്ള റീച്ചാണ് ഈ സ്വീകാര്യതയിലൂടെ വെളിവാകുന്നത്. മറ്റൊരു തമിഴ് താരത്തിനും ആന്ധ്ര/ തെലങ്കാനയില്‍ ഇത്ര സ്വീകാര്യത ലഭിച്ചിട്ടില്ല.

താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ കറുപ്പ് (തെലുങ്കില്‍ വീരഭദ്രുഡു) വന്‍ വിജയമായിരുന്നു. 60 കോടിയോളമായിരുന്നു ചിത്രം നേടിയത്. വീരഭദ്രുഡുവിന്റെ വന്‍ വിജയത്തിന് പിന്നാലെ സൂര്യ S/o കൃഷ്ണനും തെലുങ്ക് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകള്‍ തിയേറ്ററുകളെ കണ്‍സര്‍ട്ട് വേദിയാക്കുന്നതിന്റെ വീഡിയോ വൈറലായി.

സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് വാരണം ആയിരം. ഗൗതം മേനോന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. സൂര്യ എന്ന യുവാവിന്റെ ബാല്യം മുതല്‍ യൗവനം വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ഹാരിസ് ജയരാജൊരുക്കിയ പാട്ടുകളും ചാര്‍ട്ട്ബസ്റ്ററാണ്.

വീരഭദ്രുഡുവിന്റെ വന്‍ വിജയത്തിന് പിന്നാലെ തെലുങ്ക് മാര്‍ക്കറ്റിലെ തന്റെ റേഞ്ച് വലുതാക്കാനൊരുങ്ങുകയാണ് സൂര്യ. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരി ഒരുക്കുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. മമിത ബൈജു നായികയായെത്തുന്ന ചിത്രം വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷ.

Content Highlight: Vaaranam Aayiram Telugu version Re release earned two crores

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം