വിളക്ക് ചെറുതായത് കൊണ്ടാണ് കുനിഞ്ഞ് നിന്ന് കൊളുത്തിയത്; ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തില്‍ വിളക്കുകൊളുത്തിയതില്‍ വി.ഡി സതീശന്‍
Kerala
വിളക്ക് ചെറുതായത് കൊണ്ടാണ് കുനിഞ്ഞ് നിന്ന് കൊളുത്തിയത്; ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തില്‍ വിളക്കുകൊളുത്തിയതില്‍ വി.ഡി സതീശന്‍
നിഷാന. വി.വി
Tuesday, 31st March 2026, 6:18 pm

തിരുവനന്തപുരം: വിളക്ക് ചെറുതായത് കൊണ്ടാണ് കുനിഞ്ഞ് നിന്ന് കൊളുത്തിയതെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്‍.

ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ വിളക്കുകൊളുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിളക്ക് വലുതായിരുന്നെങ്കില്‍ നേരെ നിന്ന് കൊളുത്തുമായിരുന്നുവെന്നും ചെറുതായാല്‍ കുനിഞ്ഞുനിന്നല്ലെ കൊളുത്താന്‍ പറ്റൂവെന്നും അദ്ദേഹം ചോദിച്ചു.

താന്‍ ഗോള്‍വാള്‍ക്കറിനെതിരെ പ്രസംഗിച്ചതിന് തനിക്കെതിരെ ആര്‍.എസ്.എസ് കേസ് കൊടുത്തിട്ടുണ്ടെന്നും അത് കണ്ണൂരില്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഹിന്ദുവിരുദ്ധനല്ലെന്നും അന്നത്തെ പരിപാടിയില്‍ പങ്കെടുത്തത് ശരിയാണെന്നാണ് പറയുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

‘ അന്നത്തെ കാലത്ത് എല്ലാവരും സംവാദത്തില്‍ പങ്കെടുക്കും. മുന്നണി രാഷ്ട്രീയവും ഹിന്ദുത്വവും എന്ന പരിപാടിയില്‍ പോയി കോണ്‍ഗ്രസിന്റെ അഭിപ്രായം പറഞ്ഞതില്‍ ഞാന്‍ എന്തിനാണ് ഖേദിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

2006ലാണ് ഇത് നടന്നതെന്നും ഇപ്പോഴെല്ലാവരും മനപൂര്‍വ്വമായി ഒരു അജണ്ടയുടെ അടിസ്ഥാനത്തില്‍ ആഘോഷിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അവസരവാദ രാഷ്ട്രീയത്തിന് സൗകര്യം പോലെ ആര്‍.എസ്.എസുമായും ജമാഅത്തെ ഇസ്‌ലാമിയുമായും എസ്.ഡി.പി.ഐയുമായും കൂട്ടുകൂടിയവര്‍ക്കെതിരെയൊന്നും മാധ്യമങ്ങള്‍ക്ക് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പിണറായി വിജയനെ പോലെ മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് ഞാന്‍ ആരോപിക്കുന്നില്ല. എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലുകള്‍ക്കും ഇത്തരം ആഘോഷമാക്കുന്ന അജണ്ടയുണ്ട്,’അദ്ദേഹം പറഞ്ഞു.

ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനുമുന്നില്‍ പ്രതിപക്ഷ നേതാവ് വിളക്ക് കൊളുത്തിയത് വലിയ വിവാദമായിരിുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ചിത്രം വീണ്ടും പങ്കുവെച്ചതോടെ വീണ്ടും വിവാദമാവുകയായിരുന്നു.

2006ല്‍ പറവൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആര്‍.എസ്.എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്നില്‍ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വി.ഡി. സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കുറിച്ചു.

2001ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.ഡി. സതീശന്‍ ആര്‍.എസ്.എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: V.D. Satheesan lit the lamp on Golwalkar’s portrait while bending over because the lamp was small

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.