തെഹ്‌റാന്‍: ഇറാനെതിരായ യു.എസ് ഉപരോധം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്നും 2015ലെ ആണവ കരാറിന്റെ ഭാഗമായി പിന്‍വലിച്ച ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

സാമ്പത്തിക മേഖല, ഊര്‍ജ-പ്രതിരോധ മേഖല, ബാങ്കിങ് മേഖല എന്നിവയിലാകും ഉപരോധം. എണ്ണ കമ്പനികള്‍ക്കും ഷിപ്പിങ് കമ്പനികള്‍ക്കും പുറമെ 700 വ്യക്തികളും അമേരിക്കയുടെ ഉപരോധ പട്ടികയില്‍ ഉണ്ടെന്നും സൂചനയുണ്ട്. എണ്ണ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കലാണ് അമേരിക്കയുടെ ലക്ഷ്യം.

ALSO READ: ഈ രാജ്യത്ത് പേരിന് ഏറെ പ്രത്യേകതയുണ്ട്; അലഹബാദിന്റെ പേര് മാറ്റിയതിന് പുതിയ ന്യായവുമായി യോഗി ആദിത്യനാഥ്

എന്നാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഭദ്രമെന്നും അമേരിക്കയുടെ ലക്ഷ്യം വിലപോകില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ അന്തസ്സ് കളഞ്ഞ് കുളിക്കുകയാണെന്നും ഉപരോധത്തലൂടെ നഷ്ടം അമേരിക്കയ്ക്ക് മാത്രമാണെന്നും പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി പറഞ്ഞു. ഇറാനെതിരായ ഗൂഡാലോചന മണ്ടത്തരമെന്ന് ചരിത്രം പറയുമെന്ന് ഹസന്‍ റൂഹാനി വ്യക്തമാക്കി.

ഉപരോധം നടപ്പിലായാല്‍ വിദേശ കമ്പനികള്‍ക്ക് ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്നതില്‍ വിലക്ക് വരും. ഇതുമൂലം സമ്പദ് വ്യവസ്ഥയില്‍ 1.5 ശതമാനം ഇടിവുണ്ടാകുമെന്ന് ഐ.എം.എഫ്. വിലയിരുത്തി.

എന്നാല്‍ ഇറാനുമായി വ്യാപാരം തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാപാരം തുടര്‍ന്നാല്‍ ഇ.യു കമ്പനികള്‍ക്കുമേല്‍ അമേരിക്ക വിലക്കേര്‍പ്പെടുത്തുമെന്നും യു.എസ്. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാപാരത്തിന് പുതിയ സംവിധാനങ്ങള്‍ ആലോചിക്കുകയാണ് ഇ.യു.

2015ല്‍ ഒബാമ ഭരണകൂടം ഒപ്പ് വെച്ച ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായാണ് അമേരിക്ക പിന്മാറിയത്.