യു.എസ് താവളങ്ങള്‍ നിങ്ങള്‍ക്ക് സംരക്ഷണമല്ല, ഭീഷണി; ഇസ്രഈലിന് വേണ്ടി അറബ് രാഷ്ട്രങ്ങളെ ഉപയോഗിക്കുകയാണ്: റഷ്യ
Iran US Conflict
യു.എസ് താവളങ്ങള്‍ നിങ്ങള്‍ക്ക് സംരക്ഷണമല്ല, ഭീഷണി; ഇസ്രഈലിന് വേണ്ടി അറബ് രാഷ്ട്രങ്ങളെ ഉപയോഗിക്കുകയാണ്: റഷ്യ
അനിത സി
Saturday, 7th March 2026, 4:11 pm

മോസ്‌കോ: പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന യു.എസ് സൈനിക താവളങ്ങള്‍ പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ക്ക് സംരക്ഷണമല്ല, ഭീഷണിയാണെന്ന് തിരിച്ചറിയണമെന്ന് മുന്‍ പ്രസിഡന്റും റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്‌വദേവ്.

ഇസ്രഈല്‍ എന്ന ഒരൊറ്റ രാജ്യത്തെ സംരക്ഷിക്കാനാണ് യു.എസ് പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളെ അപകടത്തിലാക്കിയിരിക്കുന്നതെന്ന് പേരെടുത്ത് പറയാതെ മെദ്‌വദേവ് വിമര്‍ശിച്ചു.

അറബ് രാഷ്ട്രങ്ങളെ യു.എസ് ഉപയോഗിക്കുകയാണെന്നും സംരക്ഷണം നല്‍കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ അമേരിക്കന്‍ താവളങ്ങള്‍ക്കായി അവരുടെ പ്രദേശങ്ങള്‍ വിട്ടുനല്‍കി. നിഷ്‌കളങ്കമായി പറഞ്ഞാല്‍ അവര്‍ യു.എസില്‍ നിന്നും സംരക്ഷണം പ്രതീക്ഷിച്ചു. ഒരു നരകം പോലെ! ഒരു രാജ്യത്തെ മാത്രം സംരക്ഷിക്കാനായാണ് യു.എസ് അവരെ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ യു.എസ് താവളങ്ങള്‍ ആവശ്യമുണ്ടോ എന്ന് ദീര്‍ഘമായി ചിന്തിക്കുക. യു.എസ് താവളങ്ങള്‍ സംരക്ഷണമല്ല, അവ ഒരു ഭീഷണിയാണ്’, ദിമിത്രി മെദ്‌വദേവ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ യു.എസ്-ഇസ്രായേല്‍ സേന സംയുക്തമായി ഇറാന് നേരെ ആക്രമണം ആരംഭിച്ചു. ആദ്യദിനത്തില്‍ പെണ്‍കുട്ടികളുടെ എലമെന്ററി സ്‌കൂള്‍ ആക്രമിച്ച് 160 പേരെ കൊലപ്പെടുത്തിയതും ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖാംനഇ, പ്രതിരോധമന്ത്രി ഉള്‍പ്പടെയുള്ളവരെ വധിച്ചതും ഇറാന് വലിയ ആഘാതമായിരുന്നു.

പ്രത്യാക്രമണത്തില്‍ ഇറാന്‍ പശ്ചിമേഷ്യയിലെ ഒട്ടുമിക്ക അയല്‍രാജ്യങ്ങളിലേക്കും ആക്രമണം നടത്തിയിരുന്നു. യു.എസിന്റെ സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലേക്കാണ് ഇറാന്‍ ആക്രമണം തുടരുന്നത്.

ഇറാനെ ആക്രമിച്ചതുകൊണ്ടാണ് അയല്‍രാജ്യങ്ങളിലേക്ക് ആക്രമണം നടത്താന്‍ ഇറാന്‍ നിര്‍ബന്ധിതമായതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ പ്രതികരിച്ചിരുന്നു. ഇറാന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറയുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

യു.എ.ഇ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ യു.എസിന്റെ സൈനിക താവളങ്ങള്‍ക്കും റഡാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ക്കും ഇറാന്റെ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. യു.എ.ഇയിലെ ദുബായ് വിമാനത്താവളവും കഴിഞ്ഞാഴ്ചയില്‍ അബുദാബി വിമാനത്താവളവും ആക്രമണത്തിനിരയാക്കപ്പെട്ടിരുന്നു.

Content Highlight: US bases are not protection, they are a threat; Russia to Arab countries

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.