കഴിഞ്ഞവര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടി തിയേറ്ററിലെത്തിയ ചിത്രം 100 കോടിയോളം കളക്ട് ചെയ്തിരുന്നു. 18 വയസിന് താഴെയുള്ളവര്‍ക്ക് കാണാന്‍ പാടില്ലാത്ത തരത്തില്‍ അതിക്രൂരമായ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.
കേരളത്തില്‍ അടുത്തിടെ നടക്കുന്ന അക്രമണങ്ങള്‍ക്ക് മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ഉണ്ടാക്കുന്നു എന്ന തരത്തില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെ വെറും ഒരുവയസ് മാത്രമുള്ള കുട്ടി മാര്‍ക്കോ കാണുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ നായകന്‍ ഉണ്ണിമുകുന്ദന്‍. ‘മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.

‘ഐ ആം ക്രിമിനോളജിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഉണ്ണി മുകുന്ദനെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഉണ്ണിമുകുന്ദന്‍ തന്റെ വാളില്‍ വീഡിയോ പബ്ലിഷ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത്രയും ചെറിയ കുട്ടി വയലന്‍സ് നിറഞ്ഞ സിനിമ കാണുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഉണ്ണിമുകുന്ദന്റെ പ്രവൃത്തിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു.
