തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവത്തില്‍ പ്രതിയായ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയത്തിലെന്ന് റിപ്പോര്‍ട്ട്. ആദ്യ സെമസ്റ്ററുകളില്‍ ശിവരഞ്ജിത്തിന് മാര്‍ക്ക് വളരെ കുറവായിരുന്നു. സപ്ലിമെന്ററി പരീക്ഷയില്‍ നാലാം ശ്രമത്തിലാണ് ആദ്യ സെമസ്റ്റര്‍ പാസായതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. പി.എസ്.സി പരീക്ഷയില്‍ ശിവരഞ്ജിത്ത് ക്രമക്കേട് നടത്തിയതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
എന്നാല്‍ അവസാന രണ്ട് സെമസ്റ്ററുകളില്‍ ഇയാള്‍ എ ഗ്രേഡും ബി ഗ്രേഡുമാണ് നേടിയിട്ടുള്ളത്. അതായത് 70 ശതമാനത്തിലധികം മാര്‍ക്ക്. ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു ശിവരഞ്ജിത്ത്. ആദ്യ സെമസ്റ്ററില്‍ ആറ് വിഷയങ്ങളില്‍ ആകെ ജയിച്ചത് ഒരു വിഷയത്തില്‍ മാത്രം. നാലാമത്തെ ശ്രമത്തിലാണ് എല്ലാ വിഷയത്തിനും ജയിക്കുന്നത്. അതേസമയം, അഞ്ചാം സെമസ്റ്ററില്‍ ഫിസിക്കല്‍ കെമിസ്ട്രിയില്‍ 80 മാര്‍ക്ക് ലഭിച്ചു. മറ്റ് വിഷയങ്ങളിലും അവസാന സെമസ്റ്ററുകളില്‍ ഉയര്‍ന്ന മാര്‍ക്കുണ്ട്. ശിവരഞ്ജിത്തിന്റെ മാര്‍ക്ക് ലിസ്റ്റ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.
പരീക്ഷാ ചോദ്യപേപ്പര്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. മോഷണക്കേസില്‍ പ്രണവിനെയും പ്രതി ചേര്‍ക്കും. ശിവരഞ്ജിത്തിനെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. കോളേജില്‍ നിന്ന് ഉത്തരക്കടലാസ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
പി.എസ്.സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ പരീക്ഷാ ക്രമക്കേട് നടത്തിയത് കണ്ടെത്തിയിരുന്നു. അഖില്‍ ധശ്രമക്കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായാണ് പി.എസ്.സി കണ്ടെത്തിയത്.
പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണിലേക്കും നിരവധി തവണ എസ്.എം.എസ് വന്നു. ഇത് പരീക്ഷയുടെ ഉത്തരങ്ങളാണെന്നാണ് കണ്ടെത്തിയത്. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാന്‍ പി.എസ്.സി ശുപാര്‍ശ ചെയ്തു. മൂവരെയും ആജീവനാന്തം പി.എസ്.സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
കാസര്‍ഗോഡ് പൊലീസ് ക്യാംപിലേക്കാണ് ഇവര്‍ പരീക്ഷയെഴുതിയതെങ്കിലും പരീക്ഷ എഴുതിയത് തിരുവനന്തപുരത്താണ്. മൂന്ന് കേന്ദ്രങ്ങളിലായ പരീക്ഷ എഴുതിയ ഇവര്‍ക്ക് ഉത്തരങ്ങള്‍ യഥാസമയം പുറത്ത് നിന്ന് ലഭിച്ചുവെന്നാണ് സംശയിക്കുന്നത്. തേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും പിഎസ്‌സി ശുപാര്‍ശ ചെയ്തിരുന്നു.
