അബുദാബിയിലെ പ്രമുഖ ആശുപത്രിയായ യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ സാമ്പത്തിക പ്രതിസന്ധികാരണം അടച്ചു പൂട്ടി. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. മലയാളിയായ ഡോ. ഷബീര്‍ നെല്ലിക്കോടിന്റേതാണ് ആശുപത്രി.
തന്നെ അപകീര്‍ത്തിപ്പെടുത്താനായി മനഃപൂര്‍വം കെട്ടിച്ചമച്ച ഗൂഢാലോചനയാണ് ആശുപത്രിയുടെ അടച്ചു പൂട്ടലിലേക്കു നയിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.

‘ഇന്ത്യയില്‍ നിന്ന് തനിക്ക് ഒരു ഭീഷണിയുണ്ടായിരുന്നു. അയാളാണ് ഇപ്പോഴത്തെ എന്റെ ഈ അവസ്ഥയ്ക്ക് കാരണം’-ഡോ. ഷബീര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കേരളത്തില്‍ നിന്നുള്ള ഇയാള്‍ തന്നെ 18 തവണ കാണാന്‍ വന്നിട്ടുണ്ട്. ഓരോ തവണയും പറഞ്ഞത് തന്നെ തന്നെയും തന്റെ ആശുപത്രിയെയും ഇല്ലാതാക്കും’ എന്നാണ് മലയാളിയായ ഡോ. ഷബീര്‍ നെല്ലിക്കോട് ആരോപണവിധേയനായ വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ പറഞ്ഞത്.

നാലു മാസമായി ആശുപത്രിയുടെ ഇന്‍ഷുറന്‍സ് തുക അടയ്ക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നു. നൂറുദശലക്ഷം ദിര്‍ഹംസ് ആശുപത്രിക്ക് നഷ്ടപ്പെട്ടിരുന്നു. അതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് ഷബീര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉടമയുടെ ആവശ്യപ്രകാരമാണ് ആശുപത്രി അടച്ചത് എന്നും ആശുപത്രിയിലെ രോഗികളെയെല്ലാം മറ്റു ആശുപത്രികളിലേക്കു മാറ്റിയെന്നും അബുദാബിയിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തൊട്ട് ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റു ചെയ്തിരുന്നില്ല.

അബുദാബിയില്‍ നിന്നും ഡോ. ഷബീര്‍ രക്ഷപ്പെട്ടു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഇവിടുത്തുകാരനാണെന്നും ആശുപത്രി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് താനും ശ്രമിക്കുന്നതെന്നും ഷബീര്‍ ഖലീജ് ടൈംസിനോട് വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന വേതനവും മറ്റും നല്‍കുമെന്നും ഷബീര്‍ പറഞ്ഞു.