ഇസ്രഈലിന് നല്‍കുന്ന നിബന്ധനകളില്ലാത്ത യു.എസ് സഹായം അവസാനിപ്പിക്കണം: ഡെമോക്രാറ്റിക് നേതാവ് റാം ഇമ്മാനുവല്‍
World
ഇസ്രഈലിന് നല്‍കുന്ന നിബന്ധനകളില്ലാത്ത യു.എസ് സഹായം അവസാനിപ്പിക്കണം: ഡെമോക്രാറ്റിക് നേതാവ് റാം ഇമ്മാനുവല്‍
നിഷാന. വി.വി
Friday, 10th July 2026, 1:08 pm

വാഷിങ്ടണ്‍: അമേരിക്ക ഇസ്രഈലിന് നല്‍കുന്ന നിബന്ധനകളില്ലാത്ത സഹായം അവസാനിപ്പിക്കണമെന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് റാം ഇമ്മാനുവല്‍. 2028 ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള നേതാവാണ് അദ്ദേഹം.

യാതൊരു ഉപാധികളോ ആവശ്യങ്ങളോ ഇല്ലാതെ ഇസ്രഈല്‍ സര്‍ക്കാരിനെ അന്ധമായി പിന്തുണയ്ക്കുന്ന യു.എസിന്റെ ദീര്‍ഘകാല നയം തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈലിന്റെ സൈനിക ആവശ്യങ്ങള്‍ക്കായി അമേരിക്കന്‍ നികുതിപ്പണം നല്‍കി സബ്സിഡി നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് റാം ഇമ്മാനുവല്‍ ആവശ്യപ്പെട്ടു. മറ്റ് യു.എസ് സഖ്യകക്ഷികളെപ്പോലെ ഇസ്രഈലും സാധാരണ വ്യവസ്ഥകളിലും യു.എസ് നിയമങ്ങള്‍ പാലിച്ചുകൊണ്ടും മാത്രമേ ആയുധങ്ങള്‍ വാങ്ങാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ടെല്‍ അവീവ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങള്‍ കാരണം ഇസ്രഈല്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയാണെന്നും രാജ്യം ലോകത്തിന് മുന്നില്‍ ഒരു ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അമേരിക്കയും ഇസ്രഈലും തമ്മിലുള്ള സഖ്യം ഒരു വഴിത്തിരിവിലാണെന്നും, നിലവിലെ രീതിയില്‍ ഇതിന് മുന്നോട്ട് പോകാനാകില്ലെന്നും വ്യക്തമായ മാറ്റങ്ങളും പുതിയൊരു ദിശാബോധവും ആവശ്യമാണെന്നും മുന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് കൂടിയായ ഇമ്മാനുവല്‍ പറഞ്ഞു.

‘ ഇസ്രഈലിന്റെ ഏക പുതിയ നയതന്ത്ര നേട്ടം സോമാലി ലാന്‍ഡില്‍ നിന്നുളള അംഗീകാരമാണ്. എന്നാല്‍ അവര്‍ക്ക് തന്നെ മതിയായ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

തന്റെ സന്ദര്‍ശനത്തിനിടെ അദ്ദേഹം ഇസ്രഈല്‍ പ്രസിഡന്റ് ഇസാഖ് ഹെര്‍സോകിനെ സന്ദര്‍ശിച്ചുവെങ്കിലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ടിരുന്നില്ല. ഇസ്രഈലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് 2009 ല്‍ നെതന്യാഹു അദ്ദേഹത്തെ സ്വയം വെറുക്കുന്ന ജൂതന്‍ എന്ന് വിളിച്ചിരുന്നു.

യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇസ്രഈലിനോടുള്ള പരമ്പരാഗത സമീപനത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുന്നു എന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ പ്രസ്താവനയെ കാണുന്നത്.

Content Highlight: Unconditional U.S. aid to Israel must end: Democratic leader Rahm Emanuel

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.