നോട്ട് അസാധുവാക്കിയ ശേഷം റസിയയുടെ കയ്യില്‍ പണമൊന്നും ഉണ്ടായിരുന്നില്ലെന്നും നാല് കുട്ടികളടങ്ങുന്ന കുടുംബം പട്ടിണിയായിരുന്നെന്നും സമീപവാസികള്‍ പറയുന്നു.


ന്യൂദല്‍ഹി; നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് പഴയ നോട്ട് മാറ്റിയെടുക്കാന്‍ കഴിയാതിരുന്ന യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു.

നിത്യവേതനത്തിന് തൊഴിലെടുക്കുന്ന45 കാരിയായ റസിയ എന്ന സ്ത്രീയാണ് ദല്‍ഹിയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്. അഞ്ഞൂറിന്റെ ആറ് നോട്ടുകളായിരുന്നു റസിയയുടെ കെെവശമുണ്ടായിരുന്നത്.

നിരവധി തവണ നോട്ട് മാറാനായി ബാങ്കില്‍ പോയെങ്കിലും തിരക്ക് കാരണം അതിന് സാധിച്ചില്ല. അഞ്ചുദിവസത്തോളം ഇതിനായി അവര്‍ നടന്നു. എവിടെ നിന്നും പണം കിട്ടിയില്ല. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 20 നാണ് ഇവര്‍ ദേഹത്ത് തീകൊളുത്തിയത്.

തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നോട്ട് അസാധുവാക്കിയ ശേഷം  റസിയയുടെ കയ്യില്‍ പണമൊന്നും ഉണ്ടായിരുന്നില്ലെന്നും നാല് കുട്ടികളടങ്ങുന്ന കുടുംബം പട്ടിണിയായിരുന്നെന്നും സമീപവാസികള്‍ പറയുന്നു.

മറ്റ് ഒരു വഴിയും മുന്നില്‍ കാണാതിരുന്ന അവസ്ഥയിലാണ് റസിയ ആത്മഹത്യ ചെയ്തെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.