ലണ്ടന്‍: ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോക മനസാക്ഷിക്ക് ഒരു കളങ്കമാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറിഎഡ് മിലിബാന്‍ഡ്. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞതെന്ന് അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘ഇസ്രഈല്‍ നേരിടുന്ന ഭീഷണികള്‍ വച്ച് തുടര്‍ന്നുണ്ടായ നടപടികളെ ന്യായീകരിക്കാനാവില്ല,’ എന്നും മിലിബാന്‍ഡ് പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ ദുരവസ്ഥയില്‍ അസ്വസ്ഥരും രോഷാകുലരുമായ ദശലക്ഷക്കണക്കിന് പേര്‍ യു.കെയിലും മറ്റ് രാജ്യങ്ങളിലുമുണ്ട്. ഞങ്ങള്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കുന്നുവെന്നും നിങ്ങള്‍ പറഞ്ഞത് ശരിയാണെന്നുമാണ് അവരോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആന്‍ഡി ബര്‍ണഹാമിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി തങ്ങളുടെ സമീപനം മാറ്റി. ഗാസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന അതിക്രമങ്ങളെ തങ്ങള്‍ ചോദ്യം ചെയ്യും. ഇക്കാര്യത്തില്‍ വാക്കുകള്‍ക്കൊപ്പം പ്രവൃത്തിയും ഞങ്ങള്‍ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റ ഭീകരര്‍ നടത്തുന്ന വംശീയ ഉന്മൂലനത്തെ ഞങ്ങള്‍ തുറന്നെതിര്‍ക്കുന്നു. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ തെളിവുകളെ ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീനിലെ ഇസ്രആലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്നും മിലിബാന്‍ഡ് പറഞ്ഞു.
ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികളെക്കുറിച്ചും മിലിബാന്‍ഡ് സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് കേവലം അപലപിക്കല്‍ പ്രസ്താവനകള്‍ക്കപ്പുറത്തേക്ക് ബ്രിട്ടന്‍ നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധമായ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും. നിയമവിരുദ്ധമായ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കുള്ള ബ്രിട്ടീഷ് ധനസഹായം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിനൊപ്പം ഒരു ഫലസ്തീന്‍ രാഷ്ട്രം എന്ന സാധ്യതയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കും. ദ്വി രാഷ്ട്ര പരിഹാരം എന്ന ആശയത്തെ ഭീഷണിപ്പെടുത്തുന്ന നീക്കങ്ങളെ ലേബര്‍ പാര്‍ട്ടി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: UK foreign minister denounces Netanyahu government, vows tougher action over Gaza
