മലയാള സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളിലൊരാളാണ് ഉദയകൃഷ്ണ. 1997ല്‍ പുറത്തിറങ്ങിയ ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ സിബി. കെ തോമസിനൊപ്പം സഹതിരക്കഥാകൃത്തായാണ് ഉദയകൃഷ്ണ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് ഒട്ടനവധി റിപ്പീറ്റ് വാല്യൂവുള്ള ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
ഡാര്‍ലിങ് ഡാര്‍ലിങ്, ദോസ്ത്, സി.ഐ.ഡി മൂസ, പുലിവാല് കല്യാണം, റണ്‍വേ, വെട്ടം, ട്വന്റി20, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് ഉദയകൃഷ്ണയും സിബി കെ.തോമസും അടങ്ങുന്ന കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ഇവന് മര്യാദരാമന് എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് അവസാനിച്ചെങ്കിലും സോളോ തിരക്കഥാകൃത്തായി ഉദയകൃഷ്ണ മലയാളത്തില്‍ സജീവമായിരുന്നു.

ഉദയകൃഷ്ണ മോഹന്‍ലാലിനും ബി.ഉണ്ണികൃഷ്ണനുമൊപ്പം. Photo: The News Minute
മലയാളത്തില്‍ ആദ്യമായി നൂറ് കോടി എന്ന നേട്ടത്തിലെത്തുന്ന പുലിമുരുകന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയായിരുന്നു. എന്നാല്‍ അവസാനമായി ഉദയകൃഷ്ണയുടെ രചനയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ തിയേറ്ററില്‍ വിജയിച്ചിരുന്നില്ല. മോണ്‍സ്റ്റര്‍, ക്രിസ്റ്റഫര്‍, ബാന്ദ്ര, ലോ ആന്‍ഡ് ഓര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം പരാജയമായിരുന്നു ഫലം.
ഇപ്പോഴിതാ താന്‍ തിരക്കഥ ഒരുക്കി പരാജയപ്പെട്ട ചിത്രങ്ങളെ കുറിച്ച് ഉദയകൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കാന്‍ മീഡിയ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഉദയകൃഷ്ണയുടെ പ്രതികരണം.
‘തിയേറ്ററിലെ മാര്‍ക്കറ്റ് വെച്ച് ആറാട്ട് എടുത്തപ്പോള്‍ കൈ പൊള്ളി. പക്ഷേ ആ സിനിമയുടെ ഒ.ടി.ടി കച്ചവടവും, അത്യാവിശ്യം തിയേറ്ററിലെ കളക്ഷനും ആ സിനിമയെ രക്ഷപ്പെടുത്തി. ക്രിസ്റ്റഫര്‍ പൂര്‍ണമായിട്ടും ഒരു ഒ.ടി.ടി മൂവി തന്നെയായിരുന്നു. ആ സിനിമ വന്‍ തുകയ്ക്കായിരുന്നു കച്ചവടം നടന്നത്. കാരണം അതിന്റെ പ്രമേയം കൊണ്ട് നേരത്തേ ഡീല്‍ നടക്കുകയും സിനിമയുടെ കോസ്റ്റ് പൂര്‍ണമായും തിരിച്ച് ലഭിക്കുകയും ചെയ്തു. പക്ഷേ കാലിടറിയ അല്ലെങ്കില്‍ നമ്മള് പരാജയപ്പെട്ട ചിത്രം എന്ന് പറയുന്നത് ബാന്ദ്രയായിരുന്നു. അതിനൊപ്പം തന്നെ അവസാനമായി ഇറങ്ങിയ ലോ ആന്‍ഡ് ഓര്‍ഡറും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല,’ഉദയകൃഷ്ണ പറഞ്ഞു.

ബാന്ദ്ര. Photo: Book My Show
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര 2023ലായിരുന്നു പുറത്തിറങ്ങിയത്. തമന്നയും മംമ്തമോഹന്ദാസും അടക്കം വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരന്നെങ്കിലും ബാന്ദ്ര ബോക്സ് ഓഫീസില്‍ മൂക്ക് കുത്തുകയായിരുന്നു. 3 വര്‍ഷങ്ങള്‍ ശേഷം ഈ മാസമാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്.
Content Highlight: Udayakrishna talks about flop movies that he scripted including Bandra and Law and Order
