ഹ്രസ്വചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ നടനാണ് സനന്ത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഡൊറോത്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രം ജാതികൊലകളെയും ആൺമേധാവിത്തത്തെയും ലിംഗരാഷ്ട്രീയത്തെയും കൃത്യമായ് അടയാളപ്പെടുത്തിയ ചുരുക്കം സിനിമകളിലൊന്നായിരുന്നു.
ചിത്രത്തിലെ സുബ്ബു എന്ന കഥാപാത്രമായാണ് സനന്ത് വേഷമിട്ടത്. ആദ്യ പകുതിയിൽ ആൺകുട്ടിയായും രണ്ടാം പകുതിയിൽ ട്രാൻസ് വുമണുമായുള്ള താരത്തിന്റെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചും ചിത്രത്തിൽ സാരിയുടുത്ത അനുഭവത്തെക്കുറിച്ചും പറയുകയാണ് സനന്ത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

ഡൊറോത്തി.Photo.Screen Grab/Instagram.com
‘സാരിയുടുത്തപ്പോൾ അത് നല്ലതായിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ അതിനെ പൂർണമായും ഉൾകൊള്ളുകയായിരുന്നു. സ്ത്രീത്വത്തെയും ഒരു സ്ത്രീയായിരിക്കുന്നതിനെയും ഞാൻ ആവേശത്തോടെ സ്വീകരിച്ചതായിട്ടാണ് എനിക്ക് തോന്നിയത്. റിയാലിറ്റിയിലേക്ക് വരുമ്പോൾ എനിക്ക് ചെയ്യാൻ പറ്റാത്തൊരു കാര്യമായിരുന്നു അത്. അതുകൊണ്ടുതന്നെ സാരിയുടുത്തപ്പോൾ ആദ്യം എന്റെ മനസിലേക്ക് വന്നത് അമ്മയും സഹോദരിയും മുത്തശ്ശിയും എന്റെ സുഹൃത്തുക്കളൊക്കെയാണ്. അങ്ങനെ ഒരുപാട് പേരുടെ മുഖം മനസിലേക്ക് വന്നിരുന്നു.
എനിക്ക് ഞാൻ കംപ്ലീറ്റായ പോലെയാണ് തോന്നി, എനിക്കറിയില്ല അതെങ്ങനെ വാക്കുകളിലൂടെ വിവരിച്ച് തരണമെന്ന്. എല്ലാവരും അതിനെപ്പറ്റി എന്നോട് ചോദിക്കുന്നുണ്ട്. ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ ഞാൻ എംബാറേസ്ഡായി എന്ന് പറയാം. എല്ലാവരും കരഞ്ഞപോലെ എന്റെ അമ്മയുടെയും സഹോദരിയുടെയൊക്കെ കണ്ണ് നിറഞ്ഞിരുന്നു,’ നടൻ പറഞ്ഞു.
തനിക്കെപ്പോഴും സിനിമ മേഖലയിൽ നിന്ന് അംഗീകാരം കിട്ടിയിട്ടുണ്ടെന്നും ഡൊറോത്തിക്ക് ശേഷം മറ്റ് ചിത്രങ്ങളേക്കാൾ കൂടുതൽ കിട്ടിയതായി തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി. അതേസമയം പ്രേക്ഷകർ തന്നെ ഒരു ആക്ടർ എന്ന നിലയിൽ നോട്ടീസ് ചെയ്തിരുന്നുവെങ്കിലും അവരിലൊരാളായി തന്നെ അംഗീകരിച്ചതായി തോന്നിയിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. അവർ നോട്ടീസ് ചെയ്തതിന്റെ റിവാർഡായിട്ടാണ് ഇപ്പോൾ അവരിൽ നിന്ന് ലഭിക്കുന്ന അംഗീകാരത്തെ താൻ കാണുന്നതെന്നും സനന്ത് പറഞ്ഞു.
‘ഡൊറോത്തിയുടെ റെസ്പോൺസ് ഫിസിക്കലാണ്. അതായത് ആളുകൾ വന്ന് കെട്ടിപിടിച്ചിട്ടൊക്കെയാണ് അവരത് പ്രകടിപ്പിക്കുന്നത്. ആളുകൾ വിളിച്ച് സംസാരിക്കുമ്പോൾ കരയാറൊക്കെയുണ്ട്. നേരിട്ട് വന്ന് സംസാരിക്കാറുമുണ്ട്,’ താരം കൂട്ടിച്ചേർത്തു.
Content Highlight: Sananth talks about the experiences during Dorothy
