ഇറാന്റെ ഗ്യാസ് ഫീല്‍ഡിന് നേരെ ഇനിയൊരാക്രമണം ഉണ്ടാകില്ല; ഇസ്രഈല്‍ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ട്രംപ്
World
ഇറാന്റെ ഗ്യാസ് ഫീല്‍ഡിന് നേരെ ഇനിയൊരാക്രമണം ഉണ്ടാകില്ല; ഇസ്രഈല്‍ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th March 2026, 12:14 pm

വാഷിങ്ടണ്‍: ഇറാന്റെ പ്രധാന വരുമാന സ്രോതസ്സായ സൗത്ത് പാഴ്‌സ് ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാന്റെ ഗ്യാസ് ഫീല്‍ഡുകള്‍ക്ക് നേരെ ഇസ്രഈല്‍ ഇനി ആക്രമണം നടത്തില്ലെന്ന് ട്രംപ് പറഞ്ഞു. ഖത്തറിനെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ പ്രത്യാക്രമണം അവസാനിപ്പിക്കണമെന്നും പ്രകോപനം തുടര്‍ന്നാല്‍ ഇറാന്റെ വാതക പ്ലാന്റുകള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച രാത്രി ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ട്രംപ് പ്രതികരിച്ചത്. ഈ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഇസ്രഈല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഖത്തറിലെ റാസ് ലഫാന്‍ വാതക പ്ലാന്റിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ഖത്തര്‍ ഈ സംഘര്‍ഷത്തില്‍ ഒരു തരത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്നും ഇറാന്‍ നടത്തിയത് ന്യായീകരിക്കാനാവാത്ത നീക്കമാണെന്നും ട്രംപ് വിമര്‍ശിച്ചു.

‘വളരെ പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ ഇറാന്റെ സൗത്ത് പാഴ്‌സ് ഫീല്‍ഡിലേക്ക് ഇസ്രഈലിന്റെ ഭാഗത്തു നിന്നും ഇനി ഒരു ആക്രമണവും ഉണ്ടാകില്ല. ഇറാനുണ്ടാകാന്‍ പോകുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഇത്തരമൊരു നാശത്തിനോ അക്രമത്തിനോ അനുമതി നല്‍കാന്‍ എനിക്ക് താല്പര്യവുമില്ല.

എന്നാല്‍, ഖത്തറിന്റെ എല്‍.എന്‍.ജി പ്ലാന്റുകള്‍ക്ക് നേരെ ഇറാന്‍ വീണ്ടും ആക്രമണം നടത്തിയാല്‍, ആ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ തിരിച്ചടിക്കാന്‍ ഞാന്‍ മടിക്കില്ല. ഇറാന്‍ ബുദ്ധിശൂന്യമായി ഖത്തറിനെ വീണ്ടും ആക്രമിക്കാന്‍ തീരുമാനിച്ചാല്‍, അവര്‍ ഇതുവരെ കാണാത്ത ശക്തിയോടെ അമേരിക്ക ആ വാതകപ്പാടം മുഴുവന്‍ നശിപ്പിക്കും,’ ട്രംപ് പറഞ്ഞു.

ഇറാനിലെ സൗത്ത് പാഴ്‌സ് ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഖത്തറിന് പുറമെ സൗദി അറേബ്യയെയും ഇറാന്‍ ലക്ഷ്യം വെച്ചിരുന്നു. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് യു.എ.ഇയിലെ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റ് അടച്ചുപൂട്ടിയിട്ടുണ്ട്.

ഫെബ്രുവരി 28-ന് തുടങ്ങിയ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മാത്രം ഇതുവരെ 3000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Trump vows no more attacks by Israel on Iran gas field after it ‘violently lashed out’