'ഹോര്‍മുസില്‍ യു.എസിന് പൂര്‍ണ നിയന്ത്രണം'; അല്ലാഹുവിന് സ്തുതിയെന്ന് പറഞ്ഞ് അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്
World
'ഹോര്‍മുസില്‍ യു.എസിന് പൂര്‍ണ നിയന്ത്രണം'; അല്ലാഹുവിന് സ്തുതിയെന്ന് പറഞ്ഞ് അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്
റെന്വര്‍ പി
Wednesday, 12th August 2026, 10:59 pm

വാഷിങ്ടണ്‍: ഹോര്‍മുസ് കടലെടുക്കിന്റെ കാര്യത്തില്‍ യു.എസിനാണ് പൂര്‍ണ നിയന്ത്രണമെന്ന് അവകാശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസിലെ യു.എസിന്റെ നാവിക ഉപരോധത്തെ എല്ലാവരും ഉരുക്കുമതിലെന്നാണ് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.

‘ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ യു.എസിന് പൂര്‍ണ നിയന്ത്രണം ഉണ്ട്. ഞങ്ങള്‍ അത് നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു! നമ്മുടെ നാവിക ഉപരോധത്തെ എല്ലാവരും ‘ഉരുക്കുമതില്‍’ എന്നാണ് വിളിക്കുന്നത്. ഇറാന് അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല,’ ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു.

ഇറാന് നാവിക സേനയും വ്യോമസേനയുമില്ലെന്നും അവരുടെ സൈന്യമായ ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ നേതൃത്വം ഏറ്റവും കടുത്ത തരത്തില്‍ അനിശ്ചിതത്വത്തിലാണെന്നും ട്രംപ് പറഞ്ഞു. ഇറാന് പണമില്ലെന്നും അവിടെ വിലക്കയറ്റം രൂക്ഷമാവുന്ന അവസ്ഥയും വ്യാജവാര്‍ത്തകളും മാത്രമാണുള്ളതെന്നും ട്രംപ് ആരോപിച്ചു.

‘അവര്‍ക്ക് നാവികസേനയില്ല, അവര്‍ക്ക് വ്യോമസേനയില്ല, അവരുടെ ശേഷിക്കുന്ന സൈനികര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഐ.ആര്‍.ജി.സി. നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയും അഭയം തേടി ഓടുകയും ചെയ്യുകയാണ്. അവരുടെ ‘നേതൃത്വം’ അനിശ്ചിതത്വത്തിലാണ്, ഏറ്റവും കടുത്ത തരത്തില്‍!

അവര്‍ക്ക് പണമില്ല. അവര്‍ക്കുള്ളത് വ്യാജ വാര്‍ത്തകളും 300 ശതമാനം വിലക്കയറ്റമുണ്ടാവുന്ന അവസ്ഥയും മാത്രമാണ്. അത് കൂടുതല്‍ വഷളാവുകയും ചെയ്യുന്നു!’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാന് പറച്ചില്‍ മാത്രമേയുള്ളൂവെന്നും പ്രവൃത്തി ഒന്നുമില്ലെന്നും പറഞ്ഞ ട്രംപ് പശ്ചിമേഷ്യയിലെ ഭീഷണി ഇനിയില്ലെന്നും ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. ‘അല്ലാഹുവിന് സ്തുതി,’ എന്ന് പറഞ്ഞാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

‘ഇറാന് പറച്ചില്‍ മാത്രമേയുള്ളൂ, പ്രവൃത്തി ഒന്നുമില്ല. മിഡില്‍ ഈസ്റ്റിന്റെ ഭീഷണി ഇനിയില്ല. അല്ലാഹുവിന് സ്തുതി!,’ ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ കുറിച്ചു.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ യു.എസിനാണ് പൂര്‍ണ നിയന്ത്രണമെന്ന് ഇന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് ട്രംപ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ഇന്നലെ (ഓഗസ്റ്റ് 11, ചൊവ്വ) മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴും ട്രംപ് ഈ അവകാശവാദം ഉന്നയിച്ചിരുന്നു.

‘ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ഞങ്ങള്‍ക്ക് അതിന്മേല്‍ നിയന്ത്രണമുണ്ട്. മറ്റാരുമില്ല, ഞങ്ങള്‍ മാത്രം,’ എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഈ അവകാശവാദം ഇറാന്‍ തള്ളുകയും ചെയ്തിരുന്നു.

തങ്ങള്‍ ഉന്നയിച്ച ഉപാധികള്‍ യു.എസ് അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടഞ്ഞ് തന്നെ കിടക്കുമെന്ന് ഇറാന്റെ പരമോന്നത് സുരക്ഷാ സമിതി സെക്രട്ടറി മൊഹ്‌സെന്‍ റെസായി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇറാനിലെ ചൈനീസ് അംബാസഡറോട് സംസാരിക്കവെയാണ് റെസായി ഈ കാര്യം പറഞ്ഞതെന്ന് ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്ക്, ഒമാന്‍ കടല്‍ എന്നിവിടങ്ങളില്‍ അരക്ഷിതാവസ്ഥക്ക് കാരണം യു.എസാണെന്നും റെസായി അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമേഷ്യന്‍ മേഖലയെ മുഴുവനായി അപകടത്തിലാക്കിയ നിയമവിരുദ്ധമായ യുദ്ധം യു.എസ് അടിച്ചേല്‍പിച്ചതാണ്. യുദ്ധം അവസാനിപ്പിക്കാനും ഇറാന്റെ തടഞ്ഞ ഫണ്ടുകള്‍ വിട്ടുകൊടുക്കാനും യു.എസ് തയ്യാറാവണം, ലെബനന്‍, ഗാസ എന്നിവിടങ്ങള്‍ അടക്കം പശ്ചിമേഷ്യന്‍ മേഖലയിലുള്ള മുഴുവന്‍ സംഘര്‍ഷങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞതായും തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹോര്‍മുസ് പൂര്‍ണമായി തുറക്കുന്നതിനായി ആറ് നിബന്ധനകള്‍ ഇറാന്‍ അടുത്തിടെ മുന്നോട്ടുവെച്ചിരുന്നു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി തലവന്‍ മുഹമ്മദ് ബാഘര്‍ സോലഘാദ്‌റിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഈ നിബന്ധനകള്‍.

ഇറാനെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുതെന്നും ഇറാനുമായും മേഖലയിലെ സായുധ സഖ്യകക്ഷികളുമായും ഉള്ള അമേരിക്കന്‍ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും അടക്കമുള്ള നിബന്ധനകള്‍ ബാഘറിന്റെ പ്രസ്താവനയിലുള്ളത്.

ഇറാന്‍ തുറമുഖങ്ങളുടെ മേലുള്ള അമേരിക്കന്‍ നാവിക ഉപരോധവും, സൈന്യത്തെയും പിന്‍വലിക്കണം, യുദ്ധങ്ങള്‍ക്കൊണ്ട് ഇറാനുണ്ടായ നഷ്ടത്തിന് അമേരിക്ക പൂര്‍ണമായും നഷ്ടപരിഹാരം നല്‍കണം തുടങ്ങണമെന്ന ആവശ്യങ്ങളും പ്രസ്താവനയിലുണ്ട്. പിടിച്ചെടുത്ത എല്ലാ ആസ്തികളും നിരുപരാധികം വിട്ടു നല്‍കണമെന്നും ഇറാന്‍ യു.എസിനോട് ആവശ്യപ്പെടുന്നു.

ഉപാധികള്‍ യു.എസ് അംഗീകരിക്കുന്നത് അനുസരിച്ചായിരിക്കും ഹോര്‍മുസ് തുറക്കുന്ന കാര്യം പരിഗണിക്കുക എന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐ.ആര്‍.ജി.സി) വ്യക്തമാക്കിയിട്ടുണ്ട്. ‘എപ്പോഴാണോ ഇറാന്റെ നിബന്ധനകള്‍ യു.എസ് അംഗീകരിക്കുന്നത്, അപ്പോള്‍ ഹോര്‍മുസ് തീര്‍ച്ചയായും തുറക്കും,’ എന്നാണ് ഐ.ആര്‍.ജി.സി വക്താവ് ഹുസൈന്‍ മൊഹെബി പറഞ്ഞത്.

Content Highlight: Trump again says US has ‘control’ over Strait of Hormuz

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.