ന്യൂയോര്‍ക്ക്: 2025ലെ ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘സമയോചിതമായ ഇടപെടലിന്’ നന്ദി പറഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ഷെരീഫ്.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ വഴി തിരിച്ചടിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താന്‍ അവസാനിപ്പിച്ചിരുന്നു എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ മൂന്നാം കക്ഷി ഇടപെടല്‍ നടന്നു എന്ന വാദം ഇന്ത്യ നിരന്തരം നിഷേധിച്ചിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപിന്റെ ദൃഢനിശ്ചയത്തിനും ദീര്‍ഘവീക്ഷണത്തിനും നന്ദി പറഞ്ഞ ഷെരീഫ് ട്രംപിന്റെ സമയോചിതമായ ഇടപെടല്‍ ദക്ഷിണേഷ്യയിലെ ലക്ഷക്കണക്കിന് ജീവനുകളാണ് രക്ഷിച്ചതെന്ന് ഷരീഫ് കൂട്ടിച്ചേര്‍ത്തു.
23 മിനുട്ട് നീണ്ട തന്റെ പ്രസംഗത്തില്‍ ഷെരീഫ് കശ്മീര്‍ വിഷയവും സിന്ധുനദീജല ഉടമ്പടിയും പരാമര്‍ശിച്ചു. 2025ല്‍ നടന്ന സംഘര്‍ഷത്തിലേക്ക് വീണ്ടും എത്താതിരിക്കാന്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ന്യായമായ ഒരു പരിഹാരം കണ്ടെത്തണമെന്നും ഷെരീഫ് പറഞ്ഞു.
യു.എന്‍ പൊതുസഭയിലും മറ്റ് യു.എന്‍ വേദികളിലും പാകിസ്ഥാന്‍ നടത്തിയ കശ്മീരിനെക്കുറിച്ചുള്ള വാദങ്ങള്‍ ഇന്ത്യ നിരാകരിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമായി എന്നും നിലനില്‍ക്കുമെന്ന് ഇന്ത്യ പറഞ്ഞു.
എല്ലാവര്‍ഷവും ചെയ്യുന്നത് പോലെ യു.എന്‍ സ്ഥിരദൗത്യത്തില്‍ സേവനമനുഷ്ടിക്കുന്ന ഒരു യുവനയതന്ത്രജ്ഞനെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍ മറുപടി പറയാനുള്ള അവകാശം വിനിയോഗിക്കുന്നതിനായി ഇന്ത്യ വിനിയോഗിക്കും.
ഭീകരതയുടെ കേന്ദ്രമായി പാകിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നത് അവസാനിക്കുന്നത് വരെ സിന്ധുനദീജലകരാര്‍ നീട്ടിവെക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.എസും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ സമാധാനചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങളെയും ഷെരീഫ് തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു.
‘വാഷിങ്ടണിനെയും ടെഹ്‌റാനെയും ഒരുമിച്ച് ഇസ്‌ലാമാബാദിലേക്ക് കൊണ്ടുവരുന്നതില്‍ പാകിസ്ഥാന്‍ വിജയിച്ചു. ഇസ്‌ലാമാബാദ് ചര്‍ച്ചകളും ഇസ്‌ലാമാബാദ് മെമ്മോറാണ്ടവും ഉള്‍പ്പെടെ ഗുരുതരമായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നിരവധി ചരിത്രപരമായ നടപടികള്‍ സ്വീകരിച്ചു’, ഷഹബാസ് ഷരീഫ് പറഞ്ഞു.
Content Highlight: Pak PM Sharif Raises Kashmir Issue At UNGA, Credits Trump For ‘Timely Intervention’ In 2025 Conflict with India.
