ടെഹ്‌റാന്‍: തങ്ങളുടെ ഉപാധികള്‍ അംഗീകരിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ ഏഴ് ദിവസത്തെ ഒരു കര്‍മപദ്ധതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ കര്‍മ പദ്ധതിക്ക് യു.എസ് സമ്മതം നല്‍കിയാലുടന്‍ പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങാന്‍ തയ്യാറാണെന്ന് അരാഗ്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നാവിക ഉപരോധം നീക്കുക, എണ്ണ വില്‍പ്പനയ്ക്കുള്ള ഉപരോധങ്ങള്‍ ഒഴിവാക്കുക, ലെബനന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെടിനിര്‍ത്തല്‍ പാലിക്കുക എന്നീ ഉപാധികളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. ഈ കാര്യങ്ങള്‍ യു.എസ് അംഗീകരിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഏഴ് ദിവസത്തിനുള്ളില്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചു.
ഈ ഉപാധികള്‍ അംഗീകരിക്കുന്നതോടെ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള യു.എസുമായുള്ള നിലച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിലേക്ക് വഴി തുറക്കുമെന്നും അരാഗ്ചി പറഞ്ഞു. യു.എന്‍ സുരക്ഷാ സമിതിക്ക് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ഈ പദ്ധതി അംഗീകരിച്ചല്‍ ഏഴ് ദിവസത്തെ സമയപരിധി ആരംഭിക്കും. ഇതിനുള്ളില്‍ ഹോര്‍മുസ് തുറക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ആറ് ദിവസത്തിനുള്ളില്‍ കടലിടുക്ക് തുറന്നേക്കാം. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാലോ അഞ്ചോ ദിവസം വേണ്ടിവരും. ആറാം ദിവസം കടലിടുക്ക് തുറക്കുമെന്നും അരാഗ്ചി പറഞ്ഞു.
‘ഏഴാം ദിവസം, പരസ്പരം സമ്മതിച്ച വിഷയങ്ങളില്‍ അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ അമേരിക്കയുമായി ആരംഭിക്കും. തീരുമാനം ഇപ്പോള്‍ അമേരിക്കയുടെ കൈകളിലാണ്.
നിര്‍ബന്ധമോ ഭീഷണിയോ ഭയപ്പെടുത്തലോ ഇറാന്‍ അംഗീകരിക്കുന്നില്ല. സമ്മര്‍ദത്തിന് വഴങ്ങി ഇറാന്‍ തങ്ങളുടെ പരമാധികാര അവകാശങ്ങള്‍ അടിയറവെക്കുകയുമില്ല. ഒരു കരാറിലെത്താനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും അമേരിക്കയ്ക്ക് ആത്മാര്‍ത്ഥമായ താത്പര്യമുണ്ടെങ്കില്‍, അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് എനിക്ക് പറയാന്‍ കഴിയും.’ അരാഗ്ചി പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരി 28ന് ആരംഭിച്ച ഇറാന്‍-യു.എസ് യുദ്ധം ഏഴാം മാസത്തിലേക്ക് കടന്നിരിക്കെയാണ് ഇറാന്‍ ഈ നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. യുദ്ധം നിര്‍ത്തിവെക്കുന്നതിനായി ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയില്‍ ജൂണ്‍ 17ന് ഇറാനും യു.എസും തമ്മില്‍ ഒപ്പുവെച്ച ഇടക്കാല ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ക്ക് സമാനമാണ് ഇപ്പോള്‍ ഇറാന്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകളും.
ഇടക്കാല ധാരണാ പത്രം പ്രകാരമുള്ള വെടിനിര്‍ത്തല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പരാജയപ്പെട്ടിരുന്നു. ധാരണാ പത്രം ഒപ്പുവെച്ച ശേഷം താത്കാലികമായി അവസാനിച്ച സംഘര്‍ഷം അത് പരാജയപ്പെട്ടതോടെ വീണ്ടും ആരംഭിക്കുകയും പിന്നീട് രൂക്ഷമാവുകയും ചെയ്തു. ജൂലൈയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ കരാര്‍ ‘അവസാനിച്ചതായി’ പ്രഖ്യാപിക്കുകയും ചെയ്തിരന്നു.
Content Highlight: Iran proposes deal to reopen Strait of Hormuz in 7 days if US meets conditions
