ന്യൂയോര്‍ക്ക്: അഫ്ഗാന്‍ വനിതകളോടുള്ള താലിബാന്‍ നയത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് കഴുത്തറുക്കുന്നതിന് സമാനമായ ആംഗ്യം കാണിച്ച് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 81-ാം സമ്മേളനത്തോടനുബന്ധിച്ചാണ് സംഭവം. മന്ത്രിയുടെ ആംഗ്യം സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാന്‍ വനിതകളോടുള്ള താലിബാന്റെ നയത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. താലിബാനുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന കാലത്ത് തന്നെ ഇത്തരം നയങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ നിലപാട് സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു.
ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കാതെ ആസിഫ് മാധ്യമപ്രവര്‍ത്തകയുടെ വസ്ത്രധാരണത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു.
‘ഇങ്ങനെ അങ്ങോട്ട് തിരിച്ചുപോകരുത്.. അവര്‍ അല്ലെങ്കില്‍… എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കഴുത്തറുക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിയുടെ ആംഗ്യം വധഭീഷണിയായി തോന്നുന്നതാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്നവര്‍ സംഭവത്തിനിടെ ചിരിച്ചതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
Content Highlights: No answer to the question; instead, a throat-slitting gesture: Pakistani Defence Minister to Afghan female journalist.
