വാഷിങ്ടണ്‍: ക്യൂബയില്‍ അടുത്ത നാല് മാസത്തിനകം സൈനിക നടപടി ആരംഭിക്കാന്‍ യു.എസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത നാല് മാസത്തിനുള്ളില്‍ സൈന്യത്തിന്റെ ‘സതേണ്‍ കമാന്‍ഡിന്’ പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്ന് യു.എസ്. ആര്‍മി റിസര്‍വ് പരിശോധിച്ചുവരികയാണെന്ന് സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു.

പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുറമെ മറ്റ് വിഭാഗങ്ങളുടെ സഹായം ലഭ്യമാക്കുന്ന കാര്യവും സൈന്യം പരിശോധിക്കുന്നു. സൈന്യവുമായി ബന്ധപ്പെട്ട ഒരു ആഭ്യന്തര സന്ദേശത്തില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സന്ദേശത്തില്‍ ക്യൂബയെക്കുറിച്ച് നേരിട്ട് പരാമര്‍ശമില്ല. എന്നാല്‍ ക്യൂബയെ ലക്ഷ്യമിട്ടുള്ള സൈനിക ആസൂത്രണം തുടരുന്നതിന്റെ ഭാഗമായാണ് ഈ സേവനങ്ങള്‍ ആവശ്യപ്പെട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്., പരസ്യമായി സംസാരിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു.

ക്യൂബ അടക്കമുള്ള മധ്യ-തെക്കന്‍ അമേരിക്കന്‍ പ്രദേശങ്ങളുടെ ചുമതലയാണ് സതേണ്‍ കമാന്‍ഡിന്. ഈ മേഖലയില്‍ നിലവില്‍ ക്യൂബയുമായാണ് യു.എസ് സംഘര്‍ഷത്തിലുള്ളത്. സതേണ്‍ കമാന്‍ഡിന്റെ പ്രവര്‍ത്തന മേഖലയിലേക്ക് അധിക സേവനങ്ങള്‍ ലഭ്യമാക്കുന്നത് ക്യൂബയെ ലക്ഷ്യമിട്ടാണെന്ന് ഇതിനാല്‍ തന്നെ വിലയിരുത്തപ്പെടുന്നു.

ക്യൂബയില്‍ ഏതെങ്കിലും സൈനിക വിഭാഗത്തെ വിന്യസിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചോ എന്ന് വ്യക്തമാല്ല. എന്നാല്‍, ട്രംപ് ഭരണകൂടം ക്യൂബയ്ക്കെതിരെ കടുത്ത സാമ്പത്തിക സമ്മര്‍ദം ചെലുത്തുകയും രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ആ രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സൈനിക വിന്യാസത്തിനുള്ള നടപടികള്‍.

യു.എസ്. സതേണ്‍ കമാന്‍ഡിന്റെ കീഴില്‍ വരാന്‍ സാധ്യതയുള്ള ആറ് തരം സൈനിക വിഭാഗങ്ങളുടെ ലഭ്യതയെക്കുറിച്ച് ആര്‍മി റിസര്‍വ് വിവരം തേടുന്നുണ്ടെന്നും സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു. 90 ദിവസത്തിനും 120 ദിവസത്തിനുമിടയില്‍ ഈ വിഭാഗങ്ങളെ ആവശ്യമായി വന്നേക്കാമെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. ആര്‍മി റിസര്‍വ് മറുപടി നല്‍കാന്‍ ബന്ധപ്പെട്ട കമാന്‍ഡുകളോട് ഈ സന്ദേശത്തില്‍ നിര്‍ദേശിക്കുന്നു.

സതേണ്‍ കമാന്‍ഡിന്റെ പ്രവര്‍ത്തന മേഖലയില്‍ എത്ര സൈനികരെ ആവശ്യമായി വരുമെന്ന് യു.എസ് സൈന്യത്തിന്റെ ആഭ്യന്തര സന്ദേശത്തില്‍ പറയുന്നില്ല. സേനയെ എവിടേക്കാണ് അയക്കുകയെന്നോ ഏത് ദൗത്യത്തിനാണ് അവര്‍ സഹായം നല്‍കുകയെന്നോ ഇതില്‍ വ്യക്തമാക്കിയിട്ടില്ലെന്നും സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു.

മെഡിക്കല്‍ വിഭാഗങ്ങളെ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും ഒരു ‘മെഡിക്കല്‍ ബ്രിഗേഡിനെയും’, യു.എസ്. സൈനികര്‍ക്ക് അടുത്ത് അടിയന്തര ശസ്ത്രക്രിയയും ട്രോമ കെയറും നല്‍കുന്നതിനായി ‘ഫോര്‍വേഡ് റിസസിറ്റേറ്റീവ് ആന്‍ഡ് സര്‍ജിക്കല്‍ ഡിറ്റാച്ച്‌മെന്റിനെയും’ ആവശ്യമാണെന്ന് സൈന്യത്തിന്റെ സന്ദേശത്തില്‍ പറയുന്നു. കൂടാതെ, സുരക്ഷ, തടങ്കല്‍, മറ്റ് നിയമപാലന ദൗത്യങ്ങള്‍ എന്നിവയുടെ ചുമതലയുള്ള സൈനിക പൊലീസ് സേനയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ‘മിലിട്ടറി പൊലീസ് ബ്രിഗേഡിനെയും’ അയക്കാനും സന്ദേശം ആവശ്യപ്പെട്ടു.

ക്യൂബക്കെതിരായ ഉപരോധങ്ങളും മറ്റ് സാമ്പത്തിക നിയന്ത്രണങ്ങളും യു.എസ് ശക്തമാക്കുന്നതിനിടെയാണ് ഇപ്പോള്‍ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം ജനുവരിയോടെ ക്യൂബയെ ലക്ഷ്യമിട്ട് യു.എസിലെ ട്രംപ് ഭരണകൂടം ആരംഭിച്ച പുതിയ സാമ്പത്തിക നിയന്ത്രണ നടപടികളുടെ ഭാഗമായിട്ടാണ് ഈ ഉപരോധങ്ങള്‍.

ക്യൂബ യു.എസിന്റെ ദേശീയ സുരക്ഷയ്ക്കും മേഖലയിലെ സുരക്ഷയ്ക്കും ഭീഷണി ആണെന്ന് ആരോപിച്ചുകൊണ്ട് ഈ വര്‍ഷം ജനുവരി 29 ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ വര്‍ഷം മേയില്‍ മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്കും മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കും എതിരെ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു കുറ്റപത്രം പുറപ്പെടുവിക്കുകയും ചെയ്തു. 1996-ല്‍ ബ്രദേഴ്സ് ടു ദി റെസ്‌ക്യൂ എന്ന സംഘടനയുടെ രണ്ട് സിവിലിയന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന കേസിലായിരുന്നു കുറ്റപത്രം. ക്യൂബയ്ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നതടക്കമുള്ള നടപടികളും ട്രംപ് ഭരണകൂടം ഈ വര്‍ഷം സ്വീകരിച്ചിരുന്നു.

ക്യൂബക്കെതിരെ ഈ മാസവും യു.എസ് പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ക്യൂബന്‍ മുന്‍ നേതാവ് റൗള്‍ കാസ്‌ട്രോയുടെ കൊച്ചുമകന്‍ ഫിഡല്‍ ഏണസ്റ്റോ കാസ്‌ട്രോ അടക്കമുള്ള വ്യക്തികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും എതിരെയാണ് യു.എസ് ഈ മാസം ആദ്യം പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്.

യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ ഓഫീസ് (ഒ.എഫ്.എ.സി) അന്ന് ഫിഡല്‍ ഏണസ്റ്റോ കാസ്‌ട്രോ കാലിസിനെ ‘കരിമ്പട്ടികയില്‍’ പെടുത്തകയായിരുന്നു. മഫോറിന്‍ ബാങ്ക് ഓഫ് ക്യൂബ (ബി.ഇ.സി) അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയും അന്ന് കരിമ്പട്ടികയില്‍ പെടുത്തി. ക്യൂബയുടെ പെട്രോളിയം മേഖലയുടെ ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊമേഴ്സ്യല്‍ കുപെറ്റ് ആണ് യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയ സ്ഥാപനങ്ങളിലൊന്ന്.

കാസ്‌ട്രോ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 14404 പ്രകാരമായിരുന്നു കാലിസിനെ ഒ.എഫ്.എ.സി കരിമ്പട്ടികയില്‍ പെടുത്തിയത്. കാസ്‌ട്രോ കാലിസിന്റെ സഹോദരന്‍ റൗള്‍ അലജാന്‍ഡ്രോ കാസ്‌ട്രോക്കെതിരെ ഈ വര്‍ഷം ജൂണ്‍ നാലിന് യു.എസ് സമാന ഉപരോധം ചുമത്തിയിരുന്നു.

Content Highlight: U.S. military lays groundwork for potential action around Cuba