ന്യൂയോർക്ക്: വ്യാപാരം, അന്താരാഷ്ട്ര സംഘടനകൾ, ഇറാൻ, ക്യൂബ തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയുമായി നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ യു.എൻ പൊതുസഭയിൽ ചൈന വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഐക്യരാഷ്ട്രസഭയിൽ ചൈന തങ്ങളുടെ നിലപാടുകൾ ആവർത്തിച്ചത്.
ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ സംസാരിച്ച ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്, യു.എസിന്റെ പേരെടുത്ത് പറയാതെ ‘ബന്ധപ്പെട്ട രാജ്യം’ എന്ന് വിശേഷിപ്പിച്ചാണ് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.
ഗൾഫ് മേഖല ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും മാനിക്കപ്പെടണമെന്ന് ഹാൻ ഷെങ് പറഞ്ഞു. തർക്കങ്ങൾ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കപ്പെടണമെന്നും, യു.എൻ ചാർട്ടർ ലംഘിച്ചുകൊണ്ടുള്ള ഏകപക്ഷീയമായ സൈനിക നീക്കങ്ങളെ എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എസിന്റെ താരിഫ് നയങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ സംസാരിച്ച അദ്ദേഹം, ലോക വ്യാപാര സംഘടനയുടെ അടിസ്ഥാനത്തിലുള്ള തുറന്ന സാമ്പത്തിക നയമാണ് വേണ്ടതെന്ന് ഓർമിപ്പിച്ചു.
വിപണിയിലെ സംരക്ഷണവാദം ആർക്കും നേട്ടമുണ്ടാക്കില്ലെന്നും സപ്ലൈ ചെയിനുകൾ വിച്ഛേദിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൂടാതെ, ക്യൂബയ്ക്ക് മേൽ ഉപരോധങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതും സൈനിക ഭീഷണികൾ മുഴക്കുന്നതും അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയെ കേന്ദ്രീകരിച്ചുള്ള ഒരു സംവിധാനമാണ് ലോകത്തിന് ആവശ്യമെന്നും, സ്വയം കേന്ദ്രീകൃതമായ മനോഭാവങ്ങൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.എന്നിനെ മുൻനിർത്തി സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുമായും തെക്കൻ ചൈനാ കടലിൽ അയൽരാജ്യങ്ങളുമായും ചൈന പുലർത്തുന്ന നിലപാടുകളിലെ ഇരട്ടത്താപ്പിനെ അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Highlight:China launches scathing criticism of the United States at the UN.
