പേട്രിയറ്റിന് ക്ലാഷ് പേട്രിയാര്‍ക്ക്, ദൃശ്യത്തിന് ക്ലാഷ് അദൃശ്യം; ധ്യാനിനെ ട്രോളി സോഷ്യല്‍ മീഡിയ
Malayalam Cinema
പേട്രിയറ്റിന് ക്ലാഷ് പേട്രിയാര്‍ക്ക്, ദൃശ്യത്തിന് ക്ലാഷ് അദൃശ്യം; ധ്യാനിനെ ട്രോളി സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 26th April 2026, 8:32 am

മലയാളികള്‍ക്ക് എന്നും പ്രത്യേക ഇഷ്ടമുള്ള അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്‍. ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ തിരയിലൂടെ അഭിനേതാവായും 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ച ധ്യാന്‍ ഒട്ടനവധി വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്. സിനിമയ്ക്ക് പുറത്തുള്ള ഷോകളിലൂടെയും പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതനായ ധ്യാനിന് ഇന്റര്‍വ്യൂ സ്റ്റാറെന്ന വിളിപ്പേരുമുണ്ടെന്നത് ശ്രദ്ധേയമാണ്.

 

സമീപകാലത്തായി തുടരെ തുടരെ പരാജയചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന താരം ഓരോ ചിത്രത്തിനും മുമ്പ് നല്‍കുന്ന അഭിമുഖങ്ങളിലൂടെയും ഇതിലെ നര്‍മം നിറഞ്ഞ സംഭാഷണങ്ങളിലൂടെയുമാണ് ഇത്തരത്തിലൊരു പേര് നേടിയെടുത്തത്. എന്നാല്‍ ഇന്‍ര്‍വ്യൂ കാണാനെത്തുവരുടെ പകുതി പോലും ധ്യാന്‍ നായകനാകുന്ന ചിത്രങ്ങള്‍ക്ക് ടിക്കറ്റ് എടുക്കാറില്ലെന്ന വസ്തുതയുമുണ്ട്.

ജയിലര്‍. Photo: Airtel Xtream

ഇത്തരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു താരം നായകനായെത്തി 2023 ആഗസ്റ്റ് 18ന് തിയേറ്റററുകളിലെത്തിയ ജയിലര്‍. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ബിഗ് ബജറ്റ് ചിത്രം ജയിലറുമായി സാമ്യമുണ്ടെന്നതിന്റെ പേരിലായിരുന്നു സിനിമ ചര്‍ച്ചയായത്. ആഗസ്റ്റ് 10 ന്‌റിലീസ് ചെയ്യാനിരുന്ന തമിഴ് ജയിലറിനൊപ്പം ക്ലാഷ് റിലീസ് ചെയ്യാനായിരുന്നു ധ്യാന്‍ ചിത്രത്തിന്റെ തീരുമാനം. എന്നാല്‍ നിയമനടപടികളുമായി രജിനി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്തെത്തിയതോടെ ധ്യാനിന്റെ ചിത്രത്തിന്റെ റിലീസ് ഒരാഴ്ച്ച നീട്ടി വെക്കുകയായിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താരത്തിന് ട്രോളുമായി എത്തിയിരിക്കുകാണ് വിനോദ് വിശ്വനാഥന്‍ അടക്കമുള്ള ഫേസ് ബുക്ക് ഐ.ഡി.കള്‍. മെയ് ഒന്നിന് റിലീസ് ചെയ്യുന്ന ബിഗം ബജറ്റ് ചിത്രം പേട്രിയറ്റിന് ക്ലാഷായി ധ്യാനിന്റെ പേട്രിയാര്‍ക്ക് റിലീസിനെത്തുമെന്നും മെയ് 22ന് വരാനിരിക്കുന്ന വമ്പന്‍ ചിത്രം ദൃശ്യം 3ക്ക് ക്ലാഷായി താരത്തിന്റെ അദൃശ്യം എത്തുമെന്നുമാണ് ട്രോള്‍. എ.ഐ. ഉപയോഗിച്ച് ധ്യാനിന്റെ മുഖം വെച്ചുണ്ടാക്കിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് രസകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പേട്രിയറ്റും പേട്രിയാര്‍ക്കിന്റെ എ.ഐ നിര്‍മിത പോസറ്ററും

ഇതിന് താഴെ വരുന്ന കമന്റുകളും രസകരമാണ്. തെരഞ്ഞെടുപ്പുകളില്‍ ഒരേ പേരിലുള്ള അപരന്മാരെ കണ്ടിട്ടുണ്ടെങ്കിലും സിനിമയക്ക് അപരന്മാരെ ഇറക്കുന്ന സമ്പ്രദായം ധ്യാനാണ് തുടങ്ങിവെച്ചതെന്നും ഇതിന്റെ പിതാവായി ധ്യാനിനെ കണക്കാക്കണമെന്നുമാണ് ഒരു കമന്റ്. രണ്ട് ചിത്രങ്ങള്‍ക്കും അതിശക്തമായ മത്സരമാണ് ധ്യാന്‍ പേരില്‍ നല്‍കുന്നതെങ്കിലും രണ്ട് ചിത്രങ്ങളും പരാജയപ്പെടുമെന്നും കമന്റുണ്ട്. മെയ് 14ന് പുറത്തിറങ്ങുന്ന ടൊവിനോ-ബേസില്‍ ചിത്രം അതിരടിക്ക് അരയടി എന്ന ക്ലാഷുമായി ധ്യാന്‍ വരാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു.

Content Highlight: Troll For Srinivasan in view of his his clash with Tamil jailer movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.