ദി ഹണ്ട്രഡില്‍ സണ്‍റൈസേഴ് ലീഡ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ട്രെന്റ് റോക്കറ്റ്‌സ്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് റോക്കറ്റ്‌സ് വിജയം കീഴടക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ട്രെന്റ് റോക്കറ്റ്‌സ് ആദ്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് റോക്കറ്റ്‌സ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത പന്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്.
റോക്കറ്റ്‌സിന്റെ ബൗളിങ് മികവിലാണ് സണ്‍റൈസേഴ്‌സ് പരാജയപ്പെട്ടത്. മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രൈഗ് ഓവര്‍ട്ടണ്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഹാരി ബ്രൂക്കാണ്. 33 പന്തില്‍ 46 റണ്‍സാണ് താരം നേടിയത്. 35 പന്തില്‍ 41 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും 26 റണ്‍സ് നേടിയ സാക് ക്രോളിയും മികവ് പുലര്‍ത്തിയെങ്കിലും മത്സരത്തില്‍ വിജിക്കാന്‍ സാധിച്ചില്ല.
അതേസമയം റോക്കറ്റ്‌സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ്. 47 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 64 റണ്‍സാണ് താരം നേടിയത്. 136.17 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.
മത്സരത്തില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ബ്രൈഡന്‍ കാഴ്‌സാണ്. രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അബ്രാര്‍ അഹമ്മദ്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.