ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പ് പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ വന്‍ ജനത്തിരക്ക് കാരണം അണിയറ പ്രവര്‍ത്തകര്‍ക്ക് പരിപാടി ഉപേക്ഷിക്കേണ്ടി വന്നത് വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആ ദിവസത്തിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ.

ആ സംഭവത്തിന് ശേഷം ഒരുപാട് ആളുകള്‍ തന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയെന്നും എല്ലാവരും ഓക്കെ അല്ലേ എന്ന് ചോദിച്ചുവെന്നും ടൊവിനോ പറഞ്ഞു.

‘ശരിക്കും എനിക്ക് ഒരുപാട് സന്തോഷമാണ് ഉണ്ടായത്. എല്ലാവരും എന്നോട് വന്ന് ഓക്കെ അല്ലെ എന്ന് ചോദക്കുമ്പോള്‍ ഞാന്‍ ഓക്കെയും സന്തോഷവാനും ആണെന്നാണ് പറഞ്ഞത്.

അര്‍ജുന്‍ കപൂര്‍ ഈ ക്രൗഡിന്റെ വാര്‍ത്തകളൊക്കെ ഏതോ നാഷണല്‍ മീഡിയയില്‍ കണ്ടിട്ട്, ഓക്കെ ആണോ എന്നൊക്കെ മെസേജ് അയച്ചിരുന്നു. ഞങ്ങള്‍ ഇടക്ക് സംസാരിക്കാറുണ്ടായിരുന്നു,’ ടൊവിനോ പറയുന്നു.

തന്നേ കാണാന്‍ വന്ന എല്ലവരും തന്നെ അത്രയും സ്‌നേഹത്തോടെ വന്നവര്‍ ആണെന്നും അതെല്ലാം ഒരുപാട് സന്തോഷം തന്നുവെന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

തമണവാളന്‍ വസീമായി ടൊവിനോ എത്തിയ തല്ലുമാലയില്‍ ബിപാത്തു എന്ന വ്‌ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന.

Content Highlight: Tovino Thomas says that Arjun Kapoor Called me after seeing that news