ഷൈന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ആന്‍ ശീതള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ഇഷ്‌ക്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് കാലിക പ്രാധാന്യമുള്ള വിഷയമായിരുന്നു സംസാരിച്ചത്. തമിഴ് തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു ഇഷ്‌ക്കെന്ന് നടന്‍ ടൊവിനോ തോമസ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ അനുരാജ് മനോഹറുമായി പത്ത് വര്‍ഷത്തിനടുത്ത് സൗഹൃദമുണ്ടെന്ന് ടൊവിനോ പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ ടൊവിനോ അഭിനയിച്ച സെവന്‍സ് ഡേയില്‍ അനുരാജ് അസോസിയേറ്റായിരുന്നെന്നും ആ സിനിമ മുതല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും ടൊവിനോ പറഞ്ഞു.

നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇഷ്‌ക്കിന്റെ കഥ അനുരാജ് തന്നോട് പറഞ്ഞുവെന്നും എന്നാല്‍ ആ സമയത്ത് അത് നടക്കാതെ പോയെന്നും ടൊവിനോ പറഞ്ഞു. ഇപ്പോഴും സിനിമയെക്കുറിച്ചും അല്ലാത്ത കാര്യങ്ങളെക്കുറിച്ചും എല്ലാദിവസവും തങ്ങള്‍ സംസാരിക്കാറുണ്ടെന്നും അനുരാജിന്റെ രണ്ടാമത്തെ ചിത്രത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടൊവിനോ പറഞ്ഞു. നരിവേട്ടയുടെ ടൈറ്റില്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

‘അനുരാജും ഞാനും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തിനടുത്തായി. സെവന്‍ത് ഡേ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആ സിനിമയില്‍ അനുരാജ് അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ആ സിനിമയില്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ആ സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദം ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.

അനുരാജിന്റെ ആദ്യസിനിമയായ ഇഷ്‌കില്‍ ഞാനായിരുന്നു നായകനാകേണ്ടിയിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. ആ സിനിമക്ക് ശേഷവും ഞങ്ങള്‍ തമ്മില്‍ എല്ലായ്‌പ്പോഴും സംസാരമുണ്ടായിരുന്നു. സിനിമയെക്കുറിച്ചും, അല്ലാത്ത വിഷയങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കു. അങ്ങനെ ഈ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടമായി. അങ്ങനെ ഈ പ്രൊജക്ട് ഓണായി,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas reveals that he was the first option for Ishq movie