ഞാന്‍ സിനിമയിലേക്ക് എത്തിയതിന് പിന്നില്‍ പറശ്ശിനിക്കടവ് മുത്തപ്പനും ടൊവിനോ തോമസും: ആദിശേഷന്‍
Movie Day
ഞാന്‍ സിനിമയിലേക്ക് എത്തിയതിന് പിന്നില്‍ പറശ്ശിനിക്കടവ് മുത്തപ്പനും ടൊവിനോ തോമസും: ആദിശേഷന്‍
അക്ഷര
Friday, 26th June 2026, 4:21 pm

ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ബാലന്‍’ എന്ന ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കുകയാണ് ആദിശേഷന്‍ എന്ന ബാലതാരം. സിനിമ വന്‍ വിജയമായി ഓടുമ്പോഴും തനിക്ക് ചിത്രത്തിന്റെ കഥയൊന്നും ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നിഷ്‌കളങ്കമായി പറയുകയാണ് ആദി.

‘തിരിഞ്ഞുമറിഞ്ഞ് കുഴഞ്ഞുപോകുന്ന പോലെ തോന്നിയെന്നും സിനിമ കണ്ടിട്ട് തനിക്ക് കഥ മനസ്സിലായിട്ടില്ലെന്നുമാണ് ആദിശേഷ് പറയുന്നത്.

‘എനിക്ക് കഥയൊന്നും മനസ്സിലായിട്ടില്ല. എനിക്ക് ഇത് തിരിഞ്ഞുപോകുന്ന പോലെയൊക്കെ തോന്നി. ഒരുമാതിരി തിരിഞ്ഞുമറിഞ്ഞ് കുഴഞ്ഞുപോകുന്ന പോലെയാക്കെയെന്നാണ് തോന്നിയത്. പക്ഷേ ആള്‍ക്കാര്‍ക്ക് സിനിമ ഇഷ്ടമായെന്ന് എനിക്ക് മനസ്സിലായി. ആദ്യമായി സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു,’ ആദിശേഷ് പറഞ്ഞു.

ആദിശേഷന്‍ Photo: Saina South Plus/Screen Grab

താന്‍ സിനിമയിലേക്ക് എത്തിയതിന് പിന്നില്‍ ടൊവിനോ തോമസും പറശ്ശിനിക്കടവ് മുത്തപ്പനുമാണെന്നാണ് ആദിശേഷന്‍ പറയുന്നത്.

‘ടൊവി അങ്കിള്‍ കാരണമാണ് ഞാന്‍ ഈ സിനിമയില്‍ വന്നത്. ഞാന്‍ മുന്‍പ് ‘2018’ എന്ന സിനിമ കാണുകയായിരുന്നു. അതില്‍ ടൊവി അങ്കിള്‍ വെള്ളത്തില്‍ മുങ്ങിമരിക്കുന്ന സീന്‍ കണ്ട് വിഷമിച്ച് ഞാന്‍ അമ്മയുടെ അടുത്ത് പോയിട്ട് പറഞ്ഞു, ‘അമ്മേ മിന്നല്‍ മുരളി മരിച്ചുപോയി’ എന്ന്. അമ്മ പറഞ്ഞു അത് ആക്ടിങ് ആണെന്ന്. അതിന് ശേഷം ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു.

പിന്നീട് ഞങ്ങള്‍ പറശ്ശിനിക്കടവില്‍ പോയി. അവിടെവെച്ച് മുത്തപ്പനോട് ഞാന്‍ പറഞ്ഞു, ‘എനിക്ക് വലിയ സിനിമാ നടനാകണം’ എന്ന്. അത് പറഞ്ഞു കഴിഞ്ഞ് പിറ്റേ ദിവസമായപ്പോഴേക്കുമാണ് എനിക്ക് ഈ സിനിമയിലേക്ക് വിളി വരുന്നത്! ഇനി മുത്തപ്പന്റെ അടുത്ത് പോയിട്ട് ബാക്കി കാര്യങ്ങള്‍ പറയണം.’ ആദിശേഷന്‍ പറഞ്ഞു.

സിനിമയിലെ സെറ്റ് കണ്ടപ്പോഴുള്ള തന്റെ കൗതുകവും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവെച്ചു.

ബാലന്‍ സിനിമയില്‍ നിന്നുള്ള രംഗം

‘സിനിമയില്‍ പാറപോലെ കണ്ടതൊക്കെ കാര്‍ഡ്‌ബോര്‍ഡ് ആയിരുന്നു. കൈവെച്ചപ്പോള്‍ ഒരു സൗണ്ട് കേട്ടു. അജയന്‍ അങ്കിള്‍ (ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി) അവിടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പോയി ചോദിച്ചു, ‘ഇതെന്താ കബോര്‍ഡ് വല്ലതും ആണോ, തട്ടുമ്പോള്‍ സൗണ്ട് കേള്‍ക്കുന്നുണ്ടല്ലോ’ എന്ന്. അപ്പോള്‍ ‘അതെ’ എന്ന് പറഞ്ഞു.

സിനിമയില്‍ ഓരോ സീനും എടുക്കുമ്പോള്‍ ഗണു ചേട്ടന്‍ പറഞ്ഞുതരും. അല്ലെങ്കില്‍ അഭിഡി സ്‌കിബിഡി (അഭിജിത് കുമാര്‍-ഡയറക്ഷന്‍ ടീം) പറഞ്ഞുതരും. പിന്നെ ശരിക്കുമുള്ള ഒരു ബാലന്‍ അവിടെ ഉണ്ടായിരുന്നു ബിനു ബാലന്‍. ആ ബാലനും കാര്യങ്ങള്‍ പറഞ്ഞുതരും. പിന്നെ ചിദു സാറും (സംവിധായകന്‍ ചിദംബരം) പറഞ്ഞുതരും. അവര്‍ പറഞ്ഞു തരുന്നത് ഞാന്‍ ചെയ്യുന്നു, അത്രയേ ഉള്ളൂ. എല്ലാവരുടേയും സപ്പോര്‍ട്ട് ഉള്ളതുകൊണ്ടാണ് എനിക്ക് ഇത് ചെയ്യാന്‍ പറ്റിയത്,’ ആദിശേഷന്‍ പറഞ്ഞു.

Content Highlight: Tovino Thomas and Parassinikadavu Muthappan are the reasons why I entered cinema Aadishesan