ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം അദൃശ്യ ജാലകങ്ങളുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രീകരണം തുടങ്ങിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ തോമസ് തന്നെയാണ് അറിയിച്ചത്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നിമിഷ സജയാനാണ്. ഇന്ദ്രന്‍സും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധുപാല്‍ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യനിലാണ് നിമിഷയും ടൊവിനോയും അവസാനമായി ഒരുമിച്ച് എത്തിയത്.

സിനിമാ മേഖല കൂടുതല്‍ സ്ത്രീ സൗഹാര്‍ദപരമാക്കുക എന്ന ലക്ഷ്യത്തോടെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ മുതല്‍ ഐ.സി.സി രൂപീകരിച്ചിരുന്നു.

ദേശീയ അവാര്‍ഡ് നേടിയ വീട്ടിലേക്കുള്ള വഴി, പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍ എന്നീ സിനിമകളുടെ സംവിധാനത്തിലൂടെ പ്രശസ്തനായ ഡോ: ബിജു തന്റെ സിനിമയിലൂടെ സാമൂഹികവും സാംസ്‌കാരികവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നേരത്തെ പറഞ്ഞിരുന്നു.

രണ്ട് തവണ ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കേജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍

അസോസിയേറ്റ് പ്രൊഡ്യൂസര്‍ – ജയശ്രീ ലക്ഷ്മി നാരായണന്‍, ഡി.ഒ.പി. – യദു രാധാകൃഷ്ണന്‍, എഡിറ്റര്‍ ആന്‍ഡ് അസോസിയേറ്റ് ഡയറക്ടര്‍ – ഡേവിസ് മാനുവല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ – ദിലീപ് ദാസ്, സൗണ്ട് മിക്‌സിംഗ് – പ്രമോദ് തോമസ്, ലൊക്കേഷന്‍ സിന്‍ക് സൗണ്ട് – അജയന്‍, സൗണ്ട് ഡിസൈന്‍ – പ്രമോദ് തോമസ്, അജയന്‍ ആടാട്ട്, സുബ്രഹ്മണ്യം കെ. വൈദ്യലിംഗം, വസ്ത്രാലങ്കാരം – അരവിന്ദ് കെ.ആര്‍., മേക്കപ്പ് – പട്ടണം ഷാ, ലൈന്‍ പ്രൊഡ്യൂസര്‍ – എല്‍ദോ സെല്‍വരാജ്, അസോസിയേറ്റ് ഡയറക്ടര്‍ – ഫ്‌ലെവിന്‍ എസ്. ശിവന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ക്രിസ് ജെറോം, അസി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ശ്രവന്തി കണ്ടനല.

അതേസമയം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഒടുവില്‍ റിലീസ് ചെയ്ത ടൊവിനോ ചിത്രം തല്ലുമാലക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ്, ഗോകുലന്‍, ബിനു പപ്പു, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ടൊവിനോ തോമസിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡിലേക്കാണ് തല്ലുമാല മുന്നേറുന്നത്. ചിത്രം ഇതിനോടകം തന്നെ 30കോടിയിലധികം രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.


ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും സംവിധാനം ചെയ്യുന്ന ചിത്രവും ടോവിനോ തോമസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മഡോണ സെബാസ്റ്റ്യനാണ് ഐഡന്റിറ്റി എന്ന ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്.

Content Highlight: Tovino Thomas and Nimisha Sajayan’s Adrishya Jalakangal Film’s Shooting Begins