മിന്നല്‍ മുരളിയുടെ ആരവങ്ങള്‍ ഒഴിയുന്നതിന് മുന്‍പ് തന്നെ കിടിലന്‍ അഭ്യാസങ്ങളുമായി ടൊവിനോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

ഇപ്പോഴിതാ കൈകള്‍ രണ്ടും പോക്കറ്റില്‍ ഇട്ട്, കാലുകള്‍ മാത്രം ഉപയോഗിച്ച് തറയില്‍ നിന്നും ചാടി എഴുന്നേല്‍ക്കുന്ന ബൗണ്‌സ് ബാക്ക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ടൊവിനോ.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമെന്റുകളുമായി വരുന്നത്. ‘നിനക്ക് പ്രാന്താടാ ‘ എന്നാണ് ചാക്കോച്ചന്റെ കമന്റ്’.

‘ പൊളി പൊളി മച്ചാനെ’ എന്ന് സൗബിന്‍ ഷാഹിറും കമന്റ് ചെയ്തിട്ടുണ്ട്. മിന്നല്‍ മുരളി രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നും കുറച്ച് കൂടി വലിയ ചിത്രമാണ് ഒരുക്കാനുദ്ദേശിക്കുന്നതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ടൊവിനോ തോമസിന്റെ കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റും രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് സൂചനയാണ് നല്‍കിയത്. പുഷ് അപ്പ് പോസില്‍ നിന്നും വായുവിലേക്ക് ഉയര്‍ന്ന് ചാടി പറക്കുന്ന പോസിലേക്ക് എത്തുന്ന വീഡിയോ പങ്കുവെച്ച് ‘അടുത്ത മിഷന് വേണ്ടി മിന്നല്‍ മുരളി ചില പുതിയ മൂവുകള്‍ പഠിക്കുന്നു’ എന്നായിരുന്നു ടൊവിനോ കുറിച്ചത്.

ആദ്യ ഭാഗത്തില്‍ സ്പീഡാണ് മിന്നല്‍ മുരളിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്തായാലും രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം കഴിഞ്ഞ 24 നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്.