വാഷ്ങിടണ്‍: ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സമാധാന കരാറിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. 48 മണിക്കൂറിനുള്ളില്‍ സമാധാന കരാറില്‍ ഏര്‍പ്പെടുകയോ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയോ ചെയ്തില്ലെങ്കില്‍ നരകമായിരിക്കും കാണേണ്ടി വരികയെന്ന് ട്രംപ് ശനിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നല്‍കി.

‘ഒരു കരാര്‍ ഉണ്ടാക്കാനോ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ ഞാന്‍ ഇറാന് പത്ത് ദിവസം സമയം നല്‍കിയത് ഓര്‍ക്കുക. സമയം അതിക്രമിച്ചിരിക്കുന്നു. 48 മണിക്കൂര്‍ കഴിഞ്ഞാല്‍ എല്ലാ നരകവും അവര്‍ക്ക് മേല്‍ വാഴും. ദൈവത്തിന് മഹത്വം,’ ട്രംപ് കുറിച്ചു.

ഇറാന്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ യു.എസിന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിടുകയും തകര്‍ക്കുകയും ചെയ്തിരുന്നു. ഈ വിമാനങ്ങളിലെ പൈലറ്റുമാരെ കുറിച്ച് വിവരം ലഭിക്കാത്തത് യു.എസിനെ പ്രതിസന്ധിയിലുമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.

രാജ്യത്തിന് മുകളിലൂടെ പറന്ന യു.എസിന്റെ ഒരു എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനം ഇറാന്‍ സൈന്യം വെടിവച്ചു വീഴ്ത്തിയിരുന്നു. യുദ്ധവിമാനത്തില്‍ നിന്ന് രണ്ട് ക്രൂ അംഗങ്ങള്‍ പുറത്തേക്ക് ചാടുകയും ഇതിലൊരാളെ കണ്ടെത്തുകയും ചെയ്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

രണ്ടാമത്തെ ആക്രമണം ഒരു ക്ലോസ്-എയര്‍ സപ്പോര്‍ട്ട് ജെറ്റ് ആയ A-10 വാര്‍ത്തോഗ് യുദ്ധവിമാനത്തിന് നേരെയായിരുന്നു. ഈ വിമാനം കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും പൈലറ്റ് പുറത്തേക്ക് തെറിച്ചുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. പൈലറ്റിനെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.

ടെഹ്‌റാനിന് സമീപത്തെ കരാജിലെ ബി1 പാലത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനിലെ മറ്റ് പാലങ്ങള്‍ക്കും വൈദ്യുത അടിസ്ഥാന സൗകര്യങ്ങള്‍ക്കും മേല്‍ ആക്രമണം നടത്തുമെന്ന് വ്യാഴാഴ്ച ട്രംപ് ഭീഷണി മുഴക്കിയിരുന്നു. യു.എസ് സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് നശിപ്പിക്കാന്‍ പോലും തുടങ്ങിയിട്ടില്ലെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

അമേരിക്ക ഇറാനെ പൂര്‍ണമായും നശിപ്പിച്ചുവെന്നും അവിടുത്തെ ജോലി പൂര്‍ത്തിയാക്കാന്‍ പോകുകയാണെന്നും ട്രംപ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.

കുറച്ചുകൂടി സമയം കഴിഞ്ഞാല്‍, നമുക്ക് എളുപ്പത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനും എണ്ണ എടുക്കാനും സാധിക്കുമെന്നും വെള്ളിയാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍ മറുപടി നല്‍കിയത്.

ഇറാനിലെ ഊര്‍ജസൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഏപ്രില്‍ ആറ് വരെ താത്കാലികമായി നിര്‍ത്തി വെയ്ക്കുകയാണെന്ന് കഴിഞ്ഞാഴ്ച പെന്റഗണ്‍ പ്രസ്താവന നടത്തിയിരുന്നു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്നായിരുന്നു യു.എസിന്റെ അവകാശവാദം.

Content Highlight: Time is running out; Iran will see hell if no peace deal is reached within 48 hours: Trump threatens