ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ല; ബുദ്ധ, സിഖ് മതങ്ങള്‍ക്ക് ഇളവെന്ന് സുപ്രീം കോടതി
India
ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ല; ബുദ്ധ, സിഖ് മതങ്ങള്‍ക്ക് ഇളവെന്ന് സുപ്രീം കോടതി
അനിത സി
Tuesday, 24th March 2026, 2:05 pm

ന്യൂദല്‍ഹി: പരിവര്‍ത്തിത പട്ടികജാതി വിഭാഗക്കാരുടെ പദവിയെ സംബന്ധിച്ച് നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഹിന്ദു മതത്തില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി പദവി നഷ്ടമാകുമെന്ന് സുപ്രീം കോടതി പറഞ്ഞു.

മതം മാറിയ ക്രിസ്ത്യന്‍ മതവിശ്വാസിക്ക് പട്ടികജാതി പദവി അവകാശപ്പെടാന്‍ സാധിക്കില്ലെന്നും ആക്രമണം നേരിട്ടാല്‍ പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നീ മതങ്ങള്‍ക്ക് പുറമെ മറ്റൊരു മതം സ്വീകരിക്കുന്ന ആരേയും പട്ടികജാതി അംഗമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും മറ്റേതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് പട്ടികജാതി പദവി ഉടനടി പൂര്‍ണമായും നഷ്ടപ്പെടാന്‍ കാരണമാകുമെന്നും കോടതി പറഞ്ഞു. 1950ലെ ഭരണഘടനാ ഉത്തരവ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് സജീവമായി മതം ആചരിച്ചുവരുന്നവരെ പട്ടിക ജാതി സമൂഹത്തിലെ അംഗമായി കണക്കാക്കാനാകില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് പാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്ന പിത്തലവാണി സ്വദേശിയായ ഒരു വ്യക്തി തന്നെ ആക്രമിച്ചവര്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസ് നല്‍കിയിരുന്നു. ഇത് പരിഗണിച്ചായിരുന്നു ആന്ധ്രാ സുപ്രീം കോടതിയുടെ ഉത്തരവ്.

പരാതിക്കാരന്‍ ക്രിസ്തുമതം സ്വീകരിച്ചതിനാല്‍ തങ്ങള്‍ക്കെതിരെ നല്‍കിയിരിക്കുന്ന പരാതി നിയമവിരുദ്ധമാണെന്ന് കുറ്റാരോപിതര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

തുടര്‍ന്ന് 2025 ഏപ്രില്‍ 30ന് ജാതി വ്യവസ്ഥ ക്രിസ്തു മതത്തിന് അന്യമാണെന്നും അതിനാല്‍ എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തുന്നതിന് വിലക്കുണ്ടെന്നും കോടതി വിധിച്ചിരുന്നു. ഈ വകുപ്പ് പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Content Highlight: Those converted from Hinduism will not get Scheduled Caste status; Buddhism and Sikhism will be exempted: Supreme Court

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.