എഡിറ്റര്‍
എഡിറ്റര്‍
വിളപ്പില്‍ശാലയില്‍ നടപ്പിലാക്കിയത് കോടതി വിധി: തിരുവഞ്ചൂര്‍
എഡിറ്റര്‍
Saturday 13th October 2012 9:13am

തിരുവനന്തപുരം: ഹൈക്കോടതി വിധിയാണ് വിളപ്പില്‍ശാലയില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോടതി നടപടിക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കുമിടയില്‍ സര്‍ക്കാരിന് കൈക്കൊള്ളാനാവുന്ന ഉചിതമായ നടപടിയാണ് സര്‍ക്കാര്‍ വിളപ്പില്‍ശാലയില്‍ കൈക്കൊണ്ടത്.

ജനത്തെ വെല്ലുവിളിക്കുകയെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Ads By Google

വിളപ്പില്‍ശാല വിഷയത്തില്‍ കേരള പൊലീസ് പരാജയപ്പെടുകയാണെങ്കില്‍ കേന്ദ്രസേനയെ വിളിക്കട്ടെയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

സര്‍ക്കാര്‍ സൗഹാര്‍ദപരമായി മുന്നോട്ടുപോകാനാണ് ശ്രമിച്ചുവരുന്നത്. എന്നാല്‍ കോടതി നിര്‍ദ്ദേശത്തിന്റെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ കോടതിയലക്ഷ്യനടപടികളിലേക്ക്‌ വലിച്ചിഴക്കാതിരിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

നിലവില്‍ ആ പ്രദേശത്ത് ഗുണകരമായ നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒന്നും അടിച്ചേല്‍പ്പിക്കുന്ന നിലപാടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം മാലിന്യം കൂടുതല്‍ എത്തിക്കാനല്ല, നിലവിലെ മാലിന്യം സംസ്‌കരിക്കാന്‍ മാത്രമാണ് ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് സംവിധാനം വിളപ്പില്‍ശാലയിലെത്തിച്ചതെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

സര്‍ക്കാരിന്റെ മുന്നില്‍ മറ്റ് പോംവഴിയുണ്ടായിരുന്നില്ല. ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാരിനുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മാലിന്യസംസ്‌കരണത്തിനായി കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിയ യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്തു പോകാതെ അത് യഥാക്രമം ഉപയോഗപ്പെടുത്തേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും അത് നടപ്പാക്കുകയാണ് വിളപ്പില്‍ശാലയില്‍ ചെയ്തിരിക്കുന്നതെന്നും തിരുവനന്തപുരം നഗരസഭാ മേയര്‍ കെ. ചന്ദ്രികയും അറിയിച്ചു.

Advertisement