പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയില്‍ യുവതിയേയും നാല് വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രോവിത് ദാസിനെ പശ്ചിമ ബംഗാളില്‍ നിന്ന് പൊലീസ് പിടികൂടി. പാലക്കാട് നിന്ന് കൊല്‍ക്കത്തയിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ട്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൊന്നത് തന്റെ ഭാര്യയേയും കുഞ്ഞിനേയും അല്ലെന്ന പ്രതിയുടെ മൊഴി കേസില്‍ കൂടുതല്‍ വഴിതിരിവായി.

കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ 30 വയസ് പ്രായമുള്ള യുവതിയുടെയും ഒരു പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

ഇരുവരുടെയും തലയറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങള്‍ മറ്റ് ചാക്കിലുമായാണ് കണ്ടെത്തിയത്. തോട്ടം തൊഴിലിനായി അട്ടപ്പാടിയില്‍ എത്തിയ ബംഗാള്‍ സ്വദേശി തന്റെ ഭാര്യയേയും കുഞ്ഞിനേയും കൊന്നു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ കൊന്നത് തന്റെ ഭാര്യയേയും കുഞ്ഞിനേയും അല്ലെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Attappadi double murder; accused arrested in Bengal; crucial breakthrough in the investigation.