isis-01ന്യൂയോര്‍ക്ക്: യു.എസിനെതിരെ മറ്റൊരു സെപ്റ്റംബര്‍ 11 ആക്രമണം ഉണ്ടാകുമെന്ന് ഇസിസിന്റെ മുന്നറിയിപ്പ്. ഇസിസ് പുറത്തിറക്കിയ വീഡിയോയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. “ലോകത്ത് ഒരിടത്തും അമേരിക്കക്കാര്‍ സുരക്ഷിതരല്ല” എന്ന പേരിലാണ് ഇസിസ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഇസിസ് മനുഷ്യരെ തലയറുത്ത് കൊലപ്പെടുത്തുന്നതിന്റെ ഭീകര ദൃശ്യങ്ങളും ഇസിസ് സേനയുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തി സേനയുടെ ശക്തി കാണിക്കുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. “ഞങ്ങള്‍ അമേരിക്ക ചുട്ടെരിക്കും” എന്ന തലക്കെട്ടില്‍ 11 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ മാര്‍ച്ച് പത്തിനാണ് പുറത്ത് വിട്ടത്.

ഇത് ആദ്യമായല്ല ഇസിസ് യു.എസിനെ ലക്ഷ്യം വെച്ച് വീഡിയോ പുറത്ത് വിടുന്നത്. ജനുവരിയില്‍ അമേരിക്കയെ ഒരു മുസ്‌ലിം രാജ്യമാക്കുമെന്ന് പറഞ്ഞുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഭൂമി ശാസ്ത്രപരമായ ഘടന അനുസരിച്ച് അമേരിക്ക സുരക്ഷിതമാണെന്നാണ് അവര്‍ കരുതുന്നതെന്നും എന്നാല്‍ അമേരിക്ക സുരക്ഷിതമാണ് എന്ന ധാരണ മിഥ്യമാണെന്നും വീഡിയോയില്‍ പറയുന്നു. ഇന്ന് അമേരിക്കക്കാരന്‍ ലോകത്തെവിടെയും സുരക്ഷിതനല്ലെന്നും വീഡിയോ വ്യക്തമാക്കുന്നു.