150 കോടി രൺബീറിന്, 100 കോടി യാഷിന്; സായ് പല്ലവിക്ക് എത്ര? 'രാമായണ' താരങ്ങളുടെ പ്രതിഫല റിപ്പോർട്ട് വൈറൽ
Indian Cinema
150 കോടി രൺബീറിന്, 100 കോടി യാഷിന്; സായ് പല്ലവിക്ക് എത്ര? 'രാമായണ' താരങ്ങളുടെ പ്രതിഫല റിപ്പോർട്ട് വൈറൽ
അജ്മല്‍ കെ
Thursday, 6th August 2026, 6:59 pm

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന നിതീഷ് തിവാരിയുടെ ‘രാമായണം’ റിലീസിന് മുമ്പേ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആദ്യം ട്രെയിലർ, പിന്നാലെ കഥാപാത്രങ്ങളുടെ ലുക്ക്, ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരം രൺബീർ കപൂറാണ്. ശ്രീരാമനായി എത്തുന്ന താരം ഒരു ഭാഗത്തിന് 75 കോടി രൂപ വീതം, രണ്ട് ഭാഗങ്ങൾക്കായി ആകെ 150 കോടി രൂപ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

രാമായണ.Photo: Screengrab/Youtube

എന്നാൽ ട്രെയ്ലർ ഇറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രാമനായി വേഷമിടുന്ന രൺബീറിനെക്കാൾ കയ്യടി നേടിയത് രാവണനായി വന്ന് യാഷിനായിരുന്നു. എന്നാൽ രാവണനായി എത്തുന്ന യാഷിന് ഒരു ഭാഗത്തിന് 50 കോടി രൂപ വീതം, ആകെ 100 കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ട്. സീതയെ അവതരിപ്പിക്കുന്ന സായ് പല്ലവിക്ക് ഒരു ഭാഗത്തിന് 6 കോടി രൂപ വീതം, രണ്ട് ഭാഗങ്ങൾക്കായി 12 കോടി രൂപയാണ് പ്രതിഫലമെന്നും റിപ്പോർട്ടിൽ പറയുന്നു.

ലക്ഷ്മണനായി അഭിനയിക്കുന്ന രവി ദുബെയ്ക്ക് ഒരു ഭാഗത്തിന് 10 കോടി രൂപ വീതം, ആകെ 20 കോടി രൂപയാണ് പ്രതിഫലമെന്നാണ് വിവരം. ഹനുമാനായി എത്തുന്ന സണ്ണി ഡിയോളിന് ഒരു ഭാഗത്തിന് 20 കോടി രൂപ വീതം, ആകെ 40 കോടി രൂപ ലഭിക്കുമെന്നുമാണ് റിപ്പോർട്ട്.

രാമായണ.Photo: Screengrab/Youtube

എന്നാൽ ഏറ്റവും ശ്രദ്ധ നേടുന്നത് വിവേക് ഒബ്‌റോയിയുടേതാണ്. വിദ്യുത്ജിഹ്വ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിന്റെ ഭാഗമായതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ദശരഥനായി എത്തുന്ന അരുൺ ഗോവിലിന്റെ പ്രതിഫല വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രാമായണ.Photo: Screengrab/Youtube

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ഏകദേശം 4,000 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ‘രാമായണം’ രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. ആദ്യഭാഗം 2026 ദീപാവലിക്കും, രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും.

Content Highlight: The reported salaries of the Ramayana cast have gone viral on social media

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.