ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ചുപിന്റെ റിലീസ് ഡേറ്റ് പുറത്ത്. സെപ്റ്റംബര്‍ 23ന് ചിത്രം റിലീസ് ചെയ്യും. ദുല്‍ഖര്‍ തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രശസ്ത ഹിന്ദി ചലച്ചിത്രകാരന്‍ ഗുരു ദത്തിന്റെ ചിത്രം പ്യാസയിലെ സര്‍ജു തെരാ ചക്ക്‌രായേ എന്ന പാട്ട് ദുല്‍ഖര്‍ പാടുന്നതിന്റെ പശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ഗുരു ദത്തിനുള്ള സമര്‍പ്പണമായി ഒരുങ്ങുന്ന ചിത്രമാണ് ചുപ്.

ദുല്‍ഖറിനൊപ്പം സണ്ണി ഡിയോളിനേയും പോസ്റ്ററില്‍ കാണാം. കസേരയില്‍ കെട്ടിയിട്ടിരിക്കുന്ന യുവതിയെ കുനിഞ്ഞ് നോക്കുന്ന യുവാവിനെയും പോസ്റ്ററില്‍ അവ്യക്തമായി കാണാം. ‘ചുപ് : റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ഹാപ്പി ബര്‍ത്ത്ഡേ എന്ന് പാടിക്കൊണ്ട് കടലാസ് പൂക്കളുണ്ടാക്കുന്ന ദുല്‍ഖറിന്റെ കഥാപാത്രത്തെയാണ് ടീസറിന്റെ തുടക്കത്തില്‍ കാണാനാകുന്നത്.

പിന്നീട് കടലാസ് പൂക്കളെ കുറിച്ചുള്ള മറ്റൊരു കഥാപാത്രത്തിന്റെ ഡയലോഗും സണ്ണി ഡിയോളിന്റെ കഥാപാത്രത്തെയും കാണാം. അവസാനത്തില്‍ ചുപ് എന്ന് ഉറക്കെ പറയുന്ന വോയ്സോട് കൂടി ചിത്രത്തിന്റെ പേരെഴുതി കാണിച്ചുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്.

വളരെ വ്യത്യസ്തമായി പൂര്‍ണമായും ഒരു ഡാര്‍ക് മോഡിലാണ് ദുല്‍ഖര്‍ ഈ ടീസറിലെത്തിയത്. ദുല്‍ഖറിന്റെ സൈക്കോ മൂഡിലുള്ള കഥാപാത്രമായിരിക്കും ചുപിലേത്.

ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.