ലഖ്‌നൗ: സംസ്ഥാനത്തെ ഡോക്ടര്‍മാരോട് രോഗികള്‍ക്കുള്ള മരുന്നുകളുടെ കുറിപ്പടികള്‍ ഹിന്ദിയിലോ ദേവനാഗിരി ലിപിയിലോ എഴുതാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ബ്രജേഷ് പഥക്.

ഹിന്ദി ഉപയോഗിക്കുന്നത് വഴി രോഗികള്‍ക്ക് ചികിത്സാ നിര്‍ദേശങ്ങള്‍ നന്നായി മനസിലാക്കാനും വൈദ്യോപദേശം പാലിക്കാനും സാധിക്കുമെന്നും പഥക് പറഞ്ഞു. ഹിന്ദിയില്‍ പങ്കുവെച്ച എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മ ദിനമായ ഇന്ന് ,ഈ പുണ്യ ദിനത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ പ്രത്യേകിച്ച് ഹിന്ദി പരമാവധി ഉപയോഗിക്കാന്‍ നാം ദൃഢനിശ്ചയം ചെയ്യണം. ഹിന്ദി ഉപയോഗിക്കുന്ന ഡോക്ടര്‍മാരെ ഞാന്‍ ആദരിക്കും,’ അദ്ദേഹം പറഞ്ഞു.

വിദേശ സന്ദര്‍ശന വേളകളില്‍ പോലും ഹിന്ദിയിലും ഇന്ത്യന്‍ ഭാഷകളിലുമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ആശയം വിനിമയം നടത്തുന്നതെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹം തന്റെ നിര്‍ദേശം മുന്നോട്ട് വെച്ചത്.

പ്രദേശിക ഭാഷകള്‍ വഴി കുറിപ്പടികള്‍ നല്‍കുന്നത് രോഗികളും ഡോക്ടര്‍മാരും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുമെന്നും രോഗികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ഭാഷയിലൂടെയാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്നും സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കയച്ച കത്ത് പങ്കുവെച്ചുകൊണ്ട് പഥക് പറഞ്ഞു.

 

Content Highlight: The Prime Minister uses Hindi even during foreign visits; doctors should also follow this example and will be honoured: UP Health Minister.