ഭഗവാന്‍ ദാസന്റെ രാമരാജ്യം ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ‘ഹനുമാന് സീറ്റില്ല, നിങ്ങള്‍ തന്നെ വരണം’ എന്നാണ് റിലീസ് ദിനത്തില്‍ പുറത്ത് വിട്ട പോസ്റ്ററില്‍ എഴുതിയിരിക്കുന്ന വാചകം. പൊളിറ്റിക്കല്‍ സറ്റയറായാണ് ചിത്രം ഒരുങ്ങുന്നത്. റഷീദ് പറമ്പില്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ഇര്‍ഷാദ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസ് ചെയ്തപ്പോള്‍ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടും എന്ന സംവിധായകന്‍ ഓം റൗട്ടിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വലിയ പരിഹാസവും വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.


മുമ്പ് ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ റിലീസ് ദിനത്തിലെ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും തിയേറ്ററുകളിലേക്ക് വന്നേക്കണേ’ എന്നെഴുതിയ പോസ്റ്റര്‍ റിലീസ് ദിനത്തില്‍ വലിയ ചര്‍ച്ചയാവുകയും ചിത്രത്തിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തിരുന്നു.

ജൂലൈ 21ന് റിലീസ് ചെയ്ത ഭഗവാന്‍ ദാസന്റെ രാമരാജ്യത്തിന്റെ വിധി എന്താകുമെന്ന് ഇനി കണ്ടറിയാം. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയില്‍ നിര്‍മിക്കുന്ന സിനിമക്ക് ഫെബിന്‍ സിദ്ധാര്‍ഥാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശിഹാബ് ഓങ്ങല്ലൂര്‍ ആണ്.

പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ഠ് വസു, റോഷ്‌ന ആന്‍ റോയ്, നിയാസ് ബക്കര്‍, വിനോദ് തോമസ്, വരുണ്‍ ധാര തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭഗവാന്‍ ദാസന്റെ രാമരാജ്യത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു ശിവശങ്കര്‍ ആണ്.

Content Highlight: The poster of Bhagavan Dasante Ramarajyam is gaining attention