നസ്‌ലെൻ-മമിത ചിത്രം ‘പ്രേമലു’ ഇനി ഹിന്ദിയിലേക്ക് ‘പ്രേം കീടാണു’ ഒക്ടോബർ 2ന്
Malayalam Cinema
നസ്‌ലെൻ-മമിത ചിത്രം ‘പ്രേമലു’ ഇനി ഹിന്ദിയിലേക്ക് ‘പ്രേം കീടാണു’ ഒക്ടോബർ 2ന്
അജ്മല്‍ കെ
Sunday, 16th August 2026, 10:06 am

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’ ഇനി ഹിന്ദിയിലും എത്തുന്നു. നസ്‌ലൻ, മമിത ബൈജു, സംഗീത് പ്രതാപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഗിരീഷ് എ.ഡി ചിത്രം ഹിന്ദിയിലേക്ക് ഔദ്യോഗികമായി റീമേക്ക് ചെയ്യുകയാണ്. ‘പ്രേം കീടാണു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വീർ പഹാരിയ, ആഫിയ സയിദ്, അപർശക്തി ഖുറാന, രാകേഷ് ബേദി, നിഖിൽ വിജയ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒക്ടോബർ 2ന് ചിത്രം തിയേറ്ററുകളിലെത്തും.

പുതിയ നിർമാണ കമ്പനിയായ അവനിക ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അപൂർവ് സിങ് കർക്കിയാണ് സംവിധാനം ചെയ്യുന്നത്. ‘സിർഫ് ഏക് ബന്ദാ കാഫി ഹൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അപൂർവ് സിങ് കർക്കി. മലയാളത്തിലെ ‘പ്രേമലു’ ഹിന്ദി പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വീർ പഹാരിയ. പ്രേമലു. ആഫിയ സയിദ്. Photo: Instagram/ IMDb

യുവാക്കളുടെ സൗഹൃദം, പ്രണയം, സ്വപ്നങ്ങൾ, കോളജ് ജീവിതത്തിലെ പ്രതിസന്ധികൾ എന്നിവയെ തമാശ രൂപേണ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ‘പ്രേം കീടാണു’. പ്രണയവും സൗഹൃദവും ജീവിതത്തിലെ നിരാശകളുമെല്ലാം നേരിടുന്ന ഒരു കൂട്ടം കോളജ് വിദ്യാർഥികളുടെ കഥയാണ് ചിത്രം പറയുന്നത്.

2024ൽ തിയേറ്ററുകളിലെത്തിയ ‘പ്രേമലു’ മലയാള സിനിമയിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്‌ലൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നായിരുന്നു നിർമാണം. മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി 2024ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു.

പ്രേമലു. Phot: IMDb

‘പ്രേമലു’വിന്റെ ജനപ്രീതി മലയാളത്തിന് പുറത്തേക്കും വ്യാപിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഒരുങ്ങുന്നത്. മലയാളത്തിലെ ഹിറ്റ് പ്രണയകഥ ഹിന്ദി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം.

Content Highlight: The Malayalam film Premalu is being remade in Hindi as Prem Keetanu and is gearing up for release

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.